ഡ്രൈവിങ് സ്‌കൂൾ വാഹനങ്ങൾക്ക് ബോണറ്റ് നമ്പർ; വ്യാജന്മാരെ പൂട്ടാൻ ആർടിഒ

അംഗീകൃത ഡ്രൈവിങ് സ്‌കൂളിലെ വാഹനങ്ങള്‍ക്ക് ബോണറ്റ് നമ്പർ നൽകും. ബോണറ്റ് നമ്പറില്ലാത്ത വാഹനങ്ങളിൽ പരിശീലനം നടത്തുന്നത് ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ നടപടിയെടുക്കും. പിഴ ചുമത്തുകയും ചെയ്യും.

ബോണറ്റ് നമ്പറുള്ള വാഹനങ്ങളിൽ അംഗീകൃത സ്ഥാപനങ്ങളിൽ നിന്നു മാത്രമേ ഡ്രൈവിങ് പരിശീലനം നേടാവൂ എന്നും വ്യാജഡ്രൈവിങ് സ്‌കൂളുകളിൽ പഠിക്കുന്നതിനിടെ പിടികൂടിയാൽ ഫീസിനത്തിൽ അടച്ച തുക പോലും തിരിച്ചു കിട്ടില്ലെന്നും മോട്ടോർ വാഹനവകുപ്പ് അധികൃതർ മുന്നറിയിപ്പ് നൽകി. അനധികൃത ഡ്രൈവിങ് പരിശീലനം നൽകുന്നത് തടയാനാണ് നടപടി.

വാഹനങ്ങളിൽ രൂപമാറ്റം വരുത്തുന്നത് കടുത്ത നിയമലംഘനമായാണ് പരിഗണിക്കുന്നതെങ്കിലും മോട്ടോർ വാഹനവകുപ്പിന്റെ അനുമതിയോടെ ഡ്രൈവിങ് സ്‌കൂളുകളുടെ വാഹനങ്ങൾക്ക് രൂപമാറ്റം വരുത്താം. ഈ വാഹനങ്ങളിൽ‌ ഒന്നിലധികം ബ്രേക്ക്, ക്ലച്ച് തുടങ്ങിയവ ഉണ്ടാകും. എന്നാൽ, ഈ സൗകര്യം പ്രയോജനപ്പെടുത്താൻ പലരും അനുമതിയില്ലാതെ വാഹനങ്ങൾ രൂപമാറ്റം വരുത്തുകയും അനധികൃതമായി ഡ്രൈവിങ് പരിശീലനം നടത്തുകയും ചെയ്യുന്നത് ശ്രദ്ധയിൽ പെട്ടതിനാലാണ് ബോണറ്റ് നമ്പർ നൽകുന്നത്.