ഡെങ്കിപ്പനി പരത്തുന്ന ഈഡിസ് കൊതുകുകളുടെ സാന്ദ്രത സംസ്ഥാനത്ത് വളരെക്കൂടുതൽ

കൊതുകിന്റെ സാന്ദ്രതയെക്കുറിച്ച് സൂചന നൽകുന്ന ബ്രിട്ടോ ഇൻഡക്സ് 50-ന് മുകളിലാണ് സംസ്ഥാനത്ത് മിക്കയിടത്തും. 70-ഉം 80-ഉം ഒക്കെയുള്ള പ്രദേശങ്ങളുമുണ്ട്. ഇതൊരു അപകടമുന്നറിയിപ്പാണ്. വൈറസുള്ള പ്രദേശത്ത് രോഗംപരത്തുന്ന കൊതുക് കൂടുന്നത് വ്യാപനത്തിന് സാധ്യതയൊരുക്കും.

ഈഡിസ് ഈജിപ്റ്റിയെക്കാളും കടുവക്കൊതുക് എന്നറിയപ്പെടുന്ന ഈഡിസ് ആൽബോപിക്ടസാണ് നാട് കീഴടക്കുന്നത്. രണ്ടുപതിറ്റാണ്ട് മുൻപുവരെ കാട്ടിലും കാടിനോട് ചേർന്ന പ്രദേശങ്ങളിലും കണ്ടിരുന്ന കൊതുക് ഇപ്പോൾ നഗരങ്ങളിലും വ്യാപകമായി. 90 ശതമാനവും ആൽബോപിക്ടസാണിപ്പോൾ നാട്ടിലുള്ളത്.

ഈഡിസ് ഈജിപ്റ്റി വീടിനകത്തുണ്ടാകും. എന്നാൽ ആൽബോപിക്ടസ് പ്രധാനമായും വീടിനോട് ചേർന്ന് പുറത്താണ് കാണാറ്. കറുപ്പുനിറവും മുതുകിൽ വെളുത്ത വരകളുമുള്ളതാണിവ. അധികദൂരം പറക്കാറില്ല. വന്യസ്വഭാവമാണ് ഈ കൊതുകിന്. പിന്തുടർന്ന്‌ കടിക്കും.

ഇടവിട്ടുള്ള മഴയും വെയിലും കൊതുക് മുട്ടയിട്ട് പെരുകാൻ അനുകൂല സാഹചര്യം ഒരുക്കുന്നുമുണ്ട്. ഈഡിസ് കൺടെയ്നർ ബ്രീഡറാണ്. തെളിഞ്ഞ വെള്ളത്തിലാണ് മുട്ടയിടുക. മഴവെള്ളത്തോടാണ് പ്രിയം. ഒരു ചെറിയ മൂടിയിലെ വെള്ളം മതി മുട്ടയിട്ട്‌ പെരുകാൻ.