ഇടവിട്ടുള്ള മഴ തുടരുന്നതിനാല്‍ ഡെങ്കിപ്പനിയ്ക്കെതിരെ അതീവ ജാഗ്രത പാലിക്കണം. ഏത് പനിയും ഡെങ്കിപ്പനി ഉള്‍പ്പെടെയുള്ള പകര്‍ച്ചപ്പനികള്‍ ആകാമെന്നതിനാല്‍ തീവ്രമായതോ നീണ്ട് നില്‍ക്കുന്നതോ ആയ എല്ലാ പനി ബാധകള്‍ക്കും വൈദ്യ സഹായം തേടണം. കുട്ടികളെയും മുതിര്‍ന്നവരെയും ഒരുപോലെ ബാധിക്കുന്ന രോഗമാണ് ഡെങ്കിപ്പനി. ഡെങ്കിപ്പനിയുടെ ലക്ഷണങ്ങള്‍ പൊതുവേ കാണപ്പെടുന്ന മറ്റ് വൈറല്‍പ്പനികളില്‍ നിന്ന് വ്യത്യസ്തമല്ലാത്തതിനാല്‍ പലപ്പോഴും ഡെങ്കിപ്പനി തിരിച്ചറിയാന്‍ കഴിയാതെ വരികയോ വൈകുകയോ ചെയ്യാം. അതിനാല്‍ ശ്രദ്ധിക്കണമെന്നും ആരോഗ്യമന്ത്രി അഭ്യര്‍ത്ഥിച്ചു.
ഡെങ്കിപ്പനി എങ്ങനെ തിരിച്ചറിയാം?
പെട്ടെന്നുള്ള കനത്ത പനിയാണ് ഡെങ്കിയുടെ പ്രധാന ലക്ഷണം. തലവേദന, പേശിവേദന, വിശപ്പില്ലായ്മ, മനം പുരട്ടല്‍, ഛര്‍ദി, ക്ഷീണം, തൊണ്ടവേദന, ചെറിയ ചുമ തുടങ്ങിയ ലക്ഷണങ്ങളും ഉണ്ടാകാം. അതിശക്തമായ മേല് വേദന, വയറ് വേദന, കണ്ണിനു പുറകില്‍ വേദന, ശരീരത്തില്‍ ചുവന്ന നിറത്തില്‍ പാടുകള്‍ പ്രത്യക്ഷപ്പെടുക എന്നിവയും ചിലരില്‍ കാണപ്പെടുന്നു. ശക്തമായ വയറ് വേദന, ശ്വാസതടസം, മൂത്രം പോകുന്നതില്‍ പെട്ടെന്ന് ഉണ്ടാകുന്ന കുറവ്, അപസ്മാര ലക്ഷണങ്ങള്‍, മഞ്ഞപ്പിത്തം, ശരീരത്തിന്റെ ഏതെങ്കിലും ഭാഗത്ത് നിന്നും രക്തസ്രാവം ഉണ്ടാവുക, മലം കറുത്ത നിറത്തില്‍ പോവുക എന്നീ ലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ അവ അടിയന്തിരമായി ഡോക്ടറുടെ ശ്രദ്ധയില്‍ പെടുത്തേണ്ടതാണ്. രക്തപരിശോധനയിലൂടെ ഡെങ്കിപ്പനി തിരിച്ചറിയാം. ടെസ്റ്റ് ചെയ്യുന്നതിനുള്ള സൗകര്യം എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ധാരാളം വെള്ളം കുടിച്ചാല്‍ ഏറെ ആശ്വാസമാകും
ചെറിയ പനി വന്നാല്‍ പോലും ധാരാളം പാനീയങ്ങള്‍ കുടിക്കണം. തിളപ്പിച്ചാറ്റിയ വെള്ളം, കഞ്ഞിവെള്ളം, കരിക്കിന്‍ വെള്ളം, പഴങ്ങള്‍, പഴസത്ത് എന്നിവ നല്‍കാം. ശരീരത്തില്‍ ജലാംശം നിലനിര്‍ത്തുന്നതിനും ക്ഷീണം അകറ്റുന്നതിനും രോഗത്തിന്റെ തീവ്രത കുറയ്ക്കുന്നതിനും പാനീയങ്ങള്‍ സഹായിക്കും.