കേരളത്തിന്റെ ടൂറിസം മേഖലയ്‌ക്ക് കരുത്തായ റസ്റ്റ്‌ഹൗസുകൾ കോട്ടയം ജില്ലയിലും ഹിറ്റ്. പൊതുജനങ്ങൾക്ക് ഓൺലൈൻ ബുക്കിങ് സൗകര്യം ഏർപ്പെടുത്തിയതോടെ വൻകുതിപ്പാണ് റസ്റ്റ്‌ഹൗസുകളിലെ വരുമാനത്തിലുണ്ടായത്. ഒന്നരവർഷത്തിനിടെ 68,29,000 രൂപയാണ് പത്ത് റെസ്റ്റ് ഹൗസുകളിൽ നിന്നായി ലഭിച്ചത്. 2021 നവംബർ ഒന്ന് മുതൽ 2023 ജൂൺ 30 വരെയുള്ള കണക്കാണിത്. വരുമാനത്തിന്റെ കണക്കിൽ കോട്ടയമാണ് മുമ്പിൽ. 26,46,000 രൂപയാണ് ഇവിടുത്തെ വരുമാനം. 12,30,000 രൂപ ലഭിച്ച വൈക്കമാണ് രണ്ടാമത്.
നിലവിൽ ആഭ്യന്തര സഞ്ചാരികളാണ് കൂടുതലായും റസ്റ്റ് ഹൗസുകളെ ആശ്രയിക്കുന്നത്. മൺസൂൺ ടൂറിസം സജീവമാകുന്നതോടെ കൂടുതൽ ആഭ്യന്തര- വിദേശ സഞ്ചാരികൾ ഇവിടേക്ക് എത്തുമെന്നാണ് പ്രതീക്ഷ. 2021 കേരളപ്പിറവി ദിനത്തിലാണ് റസ്റ്റ് ഹൗസുകൾ പൊതുജനങ്ങൾക്കായി ഓൺലൈൻ ബുക്കിങ് ആരംഭിക്കുന്നത്. ഒന്നര വർഷം പൂർത്തിയാകുമ്പോൾ തന്നെ ജനങ്ങൾ ഏറ്റവും കൂടുതൽ ആശ്രയിക്കുന്ന സ്ഥലമായി റസ്റ്റ് ഹൗസുകൾ മാറി. ഇതിലൂടെ സർക്കാരിന് ഇരട്ടിയിലധികം വരുമാനവും ലഭിച്ചു.
അരുണാപുരം, ചങ്ങനാശേരി, ഈരാറ്റുപേട്ട, എരുമേലി, കടുത്തുരുത്തി, കാഞ്ഞിരപ്പള്ളി, കോട്ടയം, മുണ്ടക്കയം, പാലാ, വൈക്കം എന്നീ റസ്റ്റ് ഹൗസുകളാണ് ജില്ലയിലുള്ളത്. ഇതിൽ കോട്ടയം, ചങ്ങനാശ്ശേരി, വൈക്കം, അരുണാപുരം, കടുത്തുരുത്തി റസ്റ്റ് ഹൗസുകൾ ഒന്നാം ഗ്രേഡിലും പാലാ, ഈരാറ്റുപേട്ട, എരുമേലി, കാഞ്ഞിരപ്പള്ളി, മുണ്ടക്കയം എന്നിവ രണ്ടാം ഗ്രേഡിലുമാണ് ഉൾപ്പെടുന്നത്. വരുമാനത്തിന്റെയും സൗകര്യങ്ങളും സ്ഥലവും പരിഗണിച്ചാണ് റസ്റ്റ് ഹൗസുകളുടെ ഗ്രേഡ് തിരിക്കുന്നത്.
ഒന്നാം ഗ്രേഡിലുള്ള റസ്റ്റ് ഹൗസുകളിൽ എ സി ഇല്ലാത്ത ഡബിൾ മുറികൾക്ക് 600 രൂപയും എ സി മുറികൾക്ക് 1000 രൂപയും സ്യൂട്ട് റൂമിന് 1500 രൂപയും എ സി സ്യൂട്ടിന് 2000 രൂപയുമാണ് വാടക. രണ്ടാം ഗ്രേഡിൽ എ സി റൂമിന് 750 രൂപയും നോൺ എ സി 400 രൂപയുമാണ് വാടക.