ഇന്ത്യ ആതിഥ്യമരുളുന്ന ജി–20 ഉച്ചകോടിയുടെ പതിനെട്ടാം പതിപ്പിന് ഡൽഹിയിൽ ഇന്ന് തുടക്കമാകും. പ്രഗതി മൈതാനത്തെ പ്രത്യേകം സജ്ജമാക്കിയ ഭാരത് മണ്ഡപത്തിൽ ഇരുപതോളം രാഷ്‌ട്രത്തലവന്മാരും യൂറോപ്യൻ യൂണിയൻ, ആഫ്രിക്കൻ യൂണിയൻ തലവന്മാരും യു എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറെസും പങ്കെടുക്കും. ആദ്യമായാണ് ജി–20 ഉച്ചകോടി ഇന്ത്യയിൽ നടക്കുന്നത്. ഇതിന്റെ ഭാഗമായി പ്രധാനവേദിക്ക് പുറമേ ഡൽഹി നഗരഹൃദയത്തിലെ വൻ സൗന്ദര്യവൽക്കരണ പ്രവർത്തനവും പൂർത്തിയായി. പ്രധാന വേദിക്ക് മുന്നിൽ നടരാജ വിഗ്രഹവും സ്ഥാപിച്ചിട്ടുണ്ട്.
അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ, ചെെനീസ് പ്രധാനമന്ത്രി ലി ചിയാങ് അടക്കമുള്ളവര്‍ ഡല്‍ഹിയിലെത്തി. രാത്രി ബൈഡനും പ്രധാനമന്ത്രി നരേന്ദ്രമോദിയും ഉഭയകക്ഷി ചര്‍ച്ച നടത്തി.
ശനി രാവിലെ പത്തരയോടെ നേതാക്കൾ ഭാരത് മണ്ഡലത്തിലെത്തും. പത്തര മുതൽ പതിനൊന്നര വരെ ‘ഒരു ഭൂമി ’ എന്ന സന്ദേശമുയർത്തിയുള്ള ആദ്യ സെഷൻ നടക്കും. ഉച്ചഭക്ഷണത്തിന് പിരിയുന്ന നേതാക്കൾ അനൗദ്യോഗിക കൂടിക്കാഴ്‌ചകൾ മൂന്നരവരെ നടത്തും. മൂന്നുമുതൽ 4.45വരെ രണ്ടാം സെഷൻ നടക്കും. ഞായർ രാവിലെ 8.15ന് ഗാന്ധി സമാധി നേതാക്കൾ സന്ദർശിക്കും. പത്തരയ്‌ക്കാണ് അവസാന സെഷൻ തുടങ്ങുക. സംയുക്ത പ്രസ്‌താവന സാധ്യമായാൽ അത് പാസാക്കി ഉച്ചകോടിക്ക് തിരശ്ശീല വീഴും.