ജില്ലയിൽ പരിശോധന ശക്തമാക്കി ഭക്ഷ്യസുരക്ഷാ വകുപ്പ്‌

കോട്ടയം ജില്ലയിലെ ഭക്ഷ്യസുരക്ഷ ഉറപ്പിക്കുന്നതിന്റെ ഭാഗമായി പരിശോധന ശക്തമാക്കി ഭക്ഷ്യസുരക്ഷാ വകുപ്പ്‌. കഴിഞ്ഞ മാസം മാത്രം വൃത്തിഹീനമായ സാഹചര്യത്തിൽ കണ്ടെത്തിയതും ലൈസൻസും രജിസ്‌ട്രേഷനും ഇല്ലാത്തതുമായ 66 സ്ഥാപനങ്ങൾക്കാണ്‌ പൂട്ടുവീണത്‌. 51 സ്ഥാപനങ്ങളിൽ നിന്നായി 3,67,500 രൂപ പിഴയും ഈടാക്കി. ഈ സാമ്പത്തിക വർഷം മാത്രം 238 സ്ഥാപനങ്ങൾ പൂട്ടിയപ്പോൾ 19,30,000 രൂപ പിഴയും ഈടക്കി. 335 കിലോ പഴകിയ മീനുകളും പിടിച്ചെടുത്ത്‌ നശിപ്പിച്ചു.

സ്‌കൂൾ പരിസരത്ത് സുരക്ഷിത ഭക്ഷണം ഉറപ്പുവരുത്തുന്നതിനായി കഴിഞ്ഞ ദിവസം ഭക്ഷ്യസുരക്ഷാ വകുപ്പ് ജില്ലയിൽ വിവിധയിടങ്ങളിൽ പരിശോധന നടത്തി. ഒമ്പത്‌ സ്ക്വാഡുകളായി തിരിഞ്ഞ്‌ 74 സ്കൂൾ പരിസരങ്ങളിലാണ്‌ പരിശോധന നടത്തിയത്‌. മിഠായികൾ, ശീതള പാനീയങ്ങൾ, ഐസ്‌ക്രീമുകൾ, സിപ് അപ്, ചോക്‌ലേറ്റ്, ബിസ്‌ക്കറ്റ് എന്നിവയുടെ ഗുണനിലവാരം പരിശോധിക്കുകയായിരുന്നു ലക്ഷ്യം.

കൃത്രിമ നിറങ്ങളും ഗുണനിലവാരമില്ലാത്ത സാഹചര്യങ്ങളിൽ നിർമിക്കുന്നതും കുട്ടികളുടെ ആരോഗ്യത്തെ ബാധിക്കും. ഇത്തരം ഭക്ഷണസാധനങ്ങളുടെ സുരക്ഷിതത്വത്തെ സംബന്ധിച്ച പരാതികൾ ഉയർന്ന സാഹചര്യത്തിലായിരുന്നു നടപടി.
261 സ്ഥാപനങ്ങളിൽ നടത്തിയ പരിശോധനയിൽ 14 സ്ഥാപനങ്ങൾ അടപ്പിക്കുകയും 16 പേരിൽനിന്ന്‌ പിഴ ഈടാക്കുകയും ചെയ്തു.

ഭക്ഷ്യസുരക്ഷ, നല്ല ഭക്ഷണശീലങ്ങൾ എന്നിവ ഉറപ്പാക്കുന്നതിന്റെ ഭാഗമായി മില്ലെറ്റ് മേള, യോഗ എന്നിവയും ഭക്ഷ്യസുരക്ഷ വകുപ്പ്‌ സംഘടിപ്പിക്കുന്നു.