സംസ്ഥാനത്ത് 14 സർക്കാർ നഴ്‌സിങ് സ്കൂളിൽ ജനറൽ നഴ്‌സിങ് ആൻഡ് മിഡ്‌വൈഫറി കോഴ്‌സിൽ 100 സീറ്റ് വർധിപ്പിക്കും. പുതുതായി ആറ് നഴ്‌സിങ് കോളേജ് ആരംഭിക്കുന്നതിന് അനുമതി നൽകിയതിനു പിന്നാലെയാണ് ആരോഗ്യവകുപ്പിന്റെ തീരുമാനം.
നഴ്‌സിങ് പഠനത്തിനുള്ള സൗകര്യം പരമാവധി കേരളത്തിൽത്തന്നെ സൃഷ്ടിക്കണമെന്ന സർക്കാർ നയത്തിന്റെ ഭാഗമാണിത്. 100 സീറ്റുകൂടി വർധിപ്പിച്ചതോടെ ആകെ 485 ആയി. കോഴിക്കോട് സ്കൂൾ ഓഫ് നഴ്‌സിങ്ങിലാണ് കൂടുതൽ സീറ്റ് അനുവദിച്ചത്–- 23. ഇതനുസരിച്ച് അടിസ്ഥാനസൗകര്യം മെച്ചപ്പെടുത്താൻ അതത് സ്കൂൾ പ്രിൻസിപ്പൽമാർക്കാണ് ചുമതല. ഈ അധ്യയന വർഷംതന്നെ പ്രവേശനം നടത്തും.
തിരുവനന്തപുരം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, വയനാട്, കാസർകോട് ജില്ലകളിൽ ആരംഭിക്കുന്ന ആറ് പുതിയ നഴ്‌സിങ് കോളേജുകളുടെ പ്രാരംഭ പ്രവർത്തനത്തിന് കാൽക്കോടി രൂപ വീതം നൽകും. തനത് ഫണ്ടിൽനിന്ന് കേരള നഴ്‌സസ് ആൻഡ് മിഡ്‌വൈവ്‌സ് കൗൺസിലാണ് ഒന്നരക്കോടി രൂപ അനുവദിക്കുക. ഗ്രാന്റ് ലഭിച്ച് ആറുമാസത്തിനകം പണം വിനിയോഗിച്ചതിന്റെ സാക്ഷ്യപത്രം നൽകണം.