രാജ്യത്തെ ജനന-മരണ രജിസ്‌ട്രേഷന് അച്ഛനമ്മമാരുടെ ആധാര്‍ നിര്‍ബന്ധമാക്കിക്കൊണ്ടുള്ള ഭേദഗതി ബിൽ ലോക്‌സഭയില്‍ അവതരിപ്പിച്ചു. ജനന-മരണ രജിസ്‌ട്രേഷനുമായി ബന്ധപ്പെട്ട 1969-ലെ നിയമമാണ് ഭേദഗതി ചെയ്തത്. രജിസ്‌ട്രേഷന്‍ കാര്യക്ഷമമാക്കി ജനന-മരണങ്ങള്‍ക്ക്, ദേശീയ-സംസ്ഥാന തലത്തില്‍ ഡേറ്റാബേസുകള്‍ തയ്യാറാക്കുകയാണ് ജനന-മരണ (ഭേദഗതി-2023) രജിസ്‌ട്രേഷന്‍ ബില്ലിന്റെ പ്രധാന ലക്ഷ്യം.
ബില്ലിലെ പ്രധാന വ്യവസ്ഥകള്‍
▫️ജനന-മരണ രജിസ്‌ട്രേഷനുകളുടെ ഏകോപനത്തിന്റെ ചുമതലക്കാരനായി ദേശീയതലത്തില്‍ രജിസ്ട്രാര്‍ ജനറലിനെയും സംസ്ഥാനതലത്തില്‍ ചീഫ് രജിസ്ട്രാറെയും ജില്ലാതലത്തില്‍ രജിസ്ട്രാറെയും നിയമിക്കും.
▫️കുട്ടി ജനിക്കുമ്പോള്‍ അച്ഛനമ്മമാരുടെ ആധാര്‍ നമ്പറുകള്‍ ഉള്‍പ്പെടുത്തിയാകണം ജനന സര്‍ട്ടിഫിക്കറ്റ് തയ്യാറാക്കേണ്ടത്. ജനന വിവരങ്ങള്‍ ആശുപത്രിയധികൃതര്‍ രജിസ്ട്രാറെ അറിയിക്കണം.
▫️ജനന സമയത്ത് രജിസ്റ്റര്‍ ചെയ്യാനായില്ലെങ്കില്‍ നിശ്ചിത ഫീസോടെയും ജില്ലാ രജിസ്ട്രാറുടെ കത്തോടെയും പിന്നീടു ചെയ്യാം.
▫️വിദ്യാഭ്യാസ കാര്യങ്ങള്‍, തിരഞ്ഞെടുപ്പ് കാര്‍ഡിന് അപേക്ഷിക്കുമ്പോള്‍, ജോലി ആവശ്യങ്ങള്‍, വിവാഹ രജിസ്‌ട്രേഷന്‍ തുടങ്ങിയവയ്ക്കുള്ള പ്രായനിര്‍ണയത്തിന് പ്രധാന തിരിച്ചറിയല്‍ രേഖയായിരിക്കും ജനന സര്‍ട്ടിഫിക്കറ്റ്.
▫️ജനന സര്‍ട്ടിഫിക്കറ്റ് ഇല്ലെങ്കില്‍ വ്യക്തിക്ക് വോട്ടുചെയ്യാനാകില്ല. സ്കൂള്‍ പ്രവേശനം, വിവാഹ രജിസ്‌ട്രേഷന്‍, സര്‍ക്കാര്‍ ജോലിക്കായി അപേക്ഷിക്കല്‍ എന്നിവ സാധിക്കില്ല.
▫️ആശുപത്രിയില്‍നിന്ന് മരിച്ചയാളുടെ ബന്ധുവിന് മരണ സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കുമ്പോള്‍ അതിന്റെ ഒരു പകര്‍പ്പ് രജിസ്ട്രാര്‍ക്കും നല്‍കണം. മരണം വീട്ടിലാണെങ്കില്‍ ബന്ധുക്കള്‍ രജിസ്ട്രാറെ അറിയിക്കണം.
▫️ജനസംഖ്യാ രജിസ്റ്റര്‍, തിരഞ്ഞെടുപ്പ് പട്ടിക, റേഷന്‍കാര്‍ഡ് തുടങ്ങിയവ തയ്യാറാക്കുമ്പോള്‍ രജിസ്ട്രാര്‍ ജനറലിന്റെ പക്കലുള്ള ഈ ഡേറ്റാബേസ് ഉപകാരപ്പെടും.