ചാന്ദ്രയാൻ–3 ; സോഫ്‌റ്റ്‌ ലാൻഡിങ്‌ നാളെ , ആശയവിനിമയം ചാന്ദ്രയാൻ 2 ഓർബിറ്റർ വഴിയും

ചാന്ദ്രയിറക്കത്തിന്‌ ഒരുദിവസം ബാക്കി നിൽക്കേ ലോകശ്രദ്ധ ചാന്ദ്രയാൻ–3ലേക്ക്‌. ബുധൻ വൈകിട്ട്‌ നിശ്‌ചയിച്ചിരിക്കുന്ന സോഫ്‌റ്റ്‌ലാൻഡിങ്ങിന്‌ അവസാനവട്ട ഒരുക്കങ്ങൾ ഐഎസ്‌ആർഒ ആരംഭിച്ചു. ലാൻഡറിലെ സ്വയംനിയന്ത്രിത സംവിധാനത്തിനുള്ള പ്രവർത്തനക്രമങ്ങളും കമാൻഡുകളും ബംഗളൂരുവിലെ മിഷൻ ഓപ്പറേഷൻ കോംപ്ലക്‌സിൽനിന്ന്‌ പേടകത്തിലേക്ക്‌ അപ്‌ലോഡ്‌ ചെയ്‌തു തുടങ്ങി. അതിനിടെ നിലവിൽ ചന്ദ്രനെ ചുറ്റുന്ന ചാന്ദ്രയാൻ രണ്ടിന്റെ ഓർബിറ്ററുമായി ലാൻഡർ ആശയവിനിമയം സ്ഥാപിച്ചു. ‘സ്വാഗതം സുഹൃത്തേ’(വെൽക്കം ബഡ്ഡി) എന്ന സന്ദേശം ഓർബിറ്റർ വഴി ലാൻഡറിലേക്ക്‌ ബംഗളൂരുവിലെ
ഇസ്‌ട്രാക്ക്‌ കൈമാറി. ലാൻഡറിൽനിന്ന്‌ നേരിട്ടും ഓർബിറ്റർ വഴിയും ഭൂമിയിലേക്ക്‌ ആശയവിനിമയം സാധ്യമാകുന്നത്‌ നേട്ടമാകും. 2019ലാണ്‌ ചാന്ദ്രയാൻ 2 വിക്ഷേപിച്ചത്‌.

സോഫ്‌റ്റ്‌ ലാൻഡിങ്ങിന്‌ അരമണിക്കൂർ മുമ്പ്‌ ലാൻഡറിന്റെ പ്രവർത്തനം പൂർണമായി സ്വയംനിയന്ത്രിത സംവിധാനം ഏറ്റെടുക്കും. ഇതിനാവശ്യമുള്ള കമാന്റുകളാണ്‌ സോഫ്‌റ്റ്‌വെയറിലേക്ക്‌ അപ്‌ലോഡ്‌ ചെയ്യുന്നത്‌. ലേസർ ഡോപ്ലെർ വെലോസിറ്റി മീറ്റർ, സെൻസറുകൾ, കാമറകൾ തുടങ്ങിയ ഒമ്പതോളം ഉപകരണങ്ങളുടെ സഹായത്തോടെയാണ്‌ ലാൻഡിങ്‌ നിയന്ത്രണസംവിധാനം പ്രവർത്തിക്കുക. ഇവ അപ്പപ്പോൾ ശേഖരിക്കുന്ന വിവരങ്ങൾ വിശകലനംചെയ്‌ത്‌ ത്രസ്റ്റർ ജ്വലനവും അതുവഴി ബ്രേക്കിങ്‌ സംവിധാനവും പ്രവർത്തിക്കും.

ബുധൻ വൈകിട്ട്‌ 5.30നു ശേഷം 25 കിലോമീറ്റർ അടുത്തെത്തുന്ന പേടകത്തെ നിയന്ത്രിച്ച്‌ ചന്ദ്രനിലേക്ക്‌ കൂടുതൽ അടുപ്പിക്കും. മണിക്കൂറിൽ 3600 കിലോമീറ്റർ വേഗത്തിലെത്തുന്ന ലാൻഡറിനെ 11.5 മിനിറ്റ്‌ ലിക്വിഡ്‌ എൻജിൻ വിപരീത ദിശയിൽ ജ്വലിപ്പിച്ചാകും വേഗം നിയന്ത്രിക്കുക. 6.04 ഓടെ ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിൽ ലാൻഡർ ഇറങ്ങും. പ്രതീക്ഷിച്ചപോലെ ഇറക്കം നടത്താനായില്ലെങ്കിൽ ദൗത്യം ശനിയാഴ്‌ചത്തേക്ക്‌ മാറ്റാനും സാധ്യതയുണ്ട്‌.

പേടകത്തിന്റെ ക്ഷമതാ പരിശോധനയുടെ ഭാഗമായി ലാൻഡർ ഹസാർഡ്‌ ഡിറ്റക്‌ഷൻ കാമറ ഉപയോഗിച്ച്‌ ചന്ദ്രന്റെ മറുപുറത്തിന്റെ നിരവധി ചിത്രങ്ങളെടുത്തു. റഷ്യയുടെ ലൂണ 25ന്റെ തകർച്ചയുടെ കാരണങ്ങൾ ഐഎസ്‌ആർഒ വിലയിരുത്തുന്നുണ്ട്‌. ദക്ഷിണ ധ്രുവത്തിന്റെ ഗുരുത്വാകർണവും മറ്റും സൂക്ഷ്‌മമായി നിരീക്ഷിച്ചശേഷമാണ്‌ കമാൻഡുകൾ അപ്‌ലോഡ്‌ ചെയ്യുന്നത്‌.