വിജയകരമായ സോഫ്‌റ്റ് ലാൻഡിങ്ങിനുശേഷം ചാന്ദ്രയാൻ 3ലെ റോവർ ചാന്ദ്രപ്രതലത്തിൽ സഞ്ചാരം തുടങ്ങി. പിൻചക്രത്തിലുള്ള അശോകസ്തംഭം, ഐഎസ്‌ആർഒ മുദ്ര എന്നിവ പ്രതലത്തിൽ പതിഞ്ഞു. ലാൻഡറിലെയും റോവറിലെയും അഞ്ച് പരീക്ഷണ ഉപകരണങ്ങൾ പ്രവർത്തിച്ചുതുടങ്ങി. രണ്ടാഴ്‌ച ദക്ഷിണ ധ്രുവത്തിലെ രഹസ്യങ്ങളിലേക്ക് ഇരു പേടകവും ഊളിയിടും. ആറു ചക്രഐക്യ ട്രേമുള്ള റോവർ സെക്കൻഡിൽ ഒരു സെന്റീമീറ്റർ എന്ന നിലയിലാണ് സഞ്ചരിക്കുന്നത്.
ചന്ദ്രനിലെ ലോഹങ്ങൾ, മണ്ണിന്റെയും പാറയുടെയും ഘടന എന്നിവ പഠിക്കുന്നതിനുള്ള ലേസർ സ്‌പെക്‌ട്രോ സ്‌കോപ്പാണ് റോവറിലെ പ്രധാന ഉപകരണം. ജലസാന്നിധ്യവും പഠന വിധേയമാക്കും.
ബുധൻ വൈകിട്ട് 6.04നാണ് ചാന്ദ്രയാൻ 3 സോഫ്‌റ്റ് ലാൻഡ് ചെയ്‌തത്. 5.44 മുതൽ സോഫ്‌റ്റ് ലാൻഡിങ്ങുവരെ ലഭിച്ച പേടകത്തിലെ ഡാറ്റ ബംഗളൂരുവിലെ മിഷൻ ഓപ്പറേഷൻ സെന്ററിൽ ഐഎസ്‌ആർഒ ചെയർമാൻ ഡോ. എസ് സോമനാഥിന്റെ നേതൃത്വത്തിലുള്ള ശാസ്‌ത്രസംഘം വിലയിരുത്തി. പേടകം നേരത്തേ നിശ്ചയിച്ചിരുന്ന സ്ഥലത്തിന് തൊട്ടടുത്തുതന്നെ സുരക്ഷിതമായി ഇറങ്ങി. പുതുതായി രൂപകൽപ്പന ചെയ്‌ത നാവിഗേഷൻ ഗൈഡൻസ് കൺട്രോൾ സംവിധാനം (എൻജിസി) കൃത്യതയോടെ പ്രവർത്തിച്ചു. പേടകത്തിന് ആഘാതം ഒട്ടുമുണ്ടായിട്ടില്ല. കാമറകൾ, സോളാർ പാനലുകൾ, ആന്റിന, ഇലക്‌ട്രോണിക് സംവിധാനങ്ങൾ എന്നിവയെല്ലാം സുരക്ഷിതമാണ്.
ബുധൻ രാത്രിയാണ് ലാൻഡറിൽനിന്ന് റാമ്പുവഴി റോവർ പുറത്തിറങ്ങിയത്. അതിനിടെ സോഫ്റ്റ് ലാൻഡിങ്ങിന് തൊട്ടുമുമ്പുള്ള ദൃശ്യങ്ങൾ ഐഎസ്‌ആർഒ പുറത്തുവിട്ടു.