ചാന്ദ്രയാൻ 3ലെ ആദ്യ ഡാറ്റകൾ ഐഎസ്‌ആർഒക്ക്‌ ലഭിച്ചുതുടങ്ങി

ചന്ദ്രനിലെ ‘തെളിഞ്ഞ കാലാവസ്ഥ’യിൽ പര്യവേക്ഷണം രണ്ടുനാൾ പിന്നിട്ട്‌ ലാൻഡറും റോവറും. ദക്ഷിണധ്രുവ രഹസ്യങ്ങളെ അടുത്തറിഞ്ഞ ചാന്ദ്രയാൻ 3ലെ ആദ്യ ഡാറ്റകൾ ഐഎസ്‌ആർഒക്ക്‌ ലഭിച്ചുതുടങ്ങി. ചന്ദ്രന്റെ ഉപരിതലം, ഘടന, താപനില, നേർത്ത അന്തരീക്ഷം എന്നിവയെപ്പറ്റിയുള്ള നിർണായക വിവരം ലഭിച്ചതായാണ്‌ സൂചന. ലഭിക്കുന്ന വിവരങ്ങൾ ശാസ്‌ത്രലോകം വരുംനാളുകളിൽ വിശദമായി പഠിക്കും.

ദക്ഷിണധ്രുവത്തിലെ ജലസാന്നിധ്യത്തെക്കുറിച്ചുള്ള പഠനവും ദൗത്യത്തിന്റെ ഭാഗമാണ്‌. ചാന്ദ്രപ്രതലത്തിൽ സഞ്ചാരം തുടങ്ങിയ റോവർ അഞ്ച്‌ മീറ്ററിലധികം സഞ്ചരിച്ചു. സോഫ്‌റ്റ്‌ ലാൻഡ്‌ ചെയ്‌ത പ്രദേശം പൊതുവിൽ തടസ്സരഹിതവും നിരപ്പായതുമായതിനാൽ ഇനിയുള്ള സഞ്ചാരവും സുഗമമാകുമെന്നാണ്‌ വിലയിരുത്തൽ. അതിനിടെ ബുധനാഴ്‌ചത്തെ സോഫ്‌റ്റ്‌ലാൻഡിങിനുശേഷം റോവർ പുറത്തിറങ്ങുന്ന ദൃശ്യങ്ങളും ലാൻഡറിന്റെ 100 കിലോമീറ്റർ മുകളിൽനിന്നുള്ള ദൃശ്യവും ഐഎസ്‌ആർഒ പുറത്തുവിട്ടു. രണ്ടാം ചാന്ദ്രദൗത്യത്തിന്റെ ഭാഗമായി നിലവിൽ ചന്ദ്രനെ ചുറ്റുന്ന ഓർബിറ്റർ ആദ്യമായി എടുത്ത ലാൻഡർ ചിത്രമാണിത്‌. ബുധൻ രാത്രി 10.17ന്‌ (ഭൂമിയിലെ സമയം) ഓർബിറ്ററിലെ ഹൈ റസല്യൂഷൻ കാമറ എടുത്ത ചിത്രത്തിൽ പൊടിപടലങ്ങൾ ഉയർന്നു നിൽക്കുന്നത്‌ കാണാം. ലാൻഡിങ്ങിന്‌ മണിക്കൂറുകൾക്കുമുമ്പ്‌ 2.28ന്‌ എടുത്ത ചിത്രവുമുണ്ട്‌.

റോവർ എന്ന പരീക്ഷണശാല

26 കിലോയുള്ള റോവർ, ചന്ദ്രന്റെ ദക്ഷിണധ്രുവത്തിലിറങ്ങി പര്യവേക്ഷണം നടത്തുന്ന ആദ്യ പരീക്ഷണശാലയാണ്‌. രണ്ട്‌ അത്യാധുനിക നാവിഗേഷൻ കാമറകൾ കണ്ണുകളായി പ്രവർത്തിക്കുന്നു. സെക്കൻഡിൽ ഒരു സെന്റീമീറ്റർ എന്ന നിലയിൽ സഞ്ചരിക്കുന്ന റോവറിന്‌ തടസ്സങ്ങൾ തിരിച്ചറിയാനും മുന്നറിയിപ്പ്‌ നൽകാനും സഹായിക്കുന്നത്‌ ഈ കാമറകളാണ്‌. സൂര്യപ്രകാശം കുറവുള്ള പ്രദേശങ്ങളിൽനിന്നും ഒഴിഞ്ഞുമാറാനുമാവും. ചെറിയ ഗർത്തങ്ങൾ പോലും മുൻകൂട്ടി തിരിച്ചറിഞ്ഞ്‌ വഴിതിരിയും. പാതി സ്വയം നിയന്ത്രിത സംവിധാനം വഴിയാണിത്‌ പ്രവർത്തിക്കുന്നത്‌. ചാന്ദ്ര മണ്ണായ റിഗോലിത്തും നേർത്ത അന്തരീക്ഷവും സൃഷ്ടിക്കുന്ന പ്രതിസന്ധികളെ അതിജീവിച്ച്‌ സഞ്ചരിക്കാൻ കഴിയും വിധമാണ്‌ ആറ്‌ ചക്രങ്ങളുടെ രൂപകൽപ്പന. പിൻചക്രങ്ങളിലെ അശോകസ്‌തംഭവും ഐഎസ്‌ആർഒയുടെ ഔദ്യോഗിക ചിഹ്‌നവും സഞ്ചാരപാതയിൽ പതിയും. റോവറിന്‌ പരമാവധി ഒരു കിലോമീറ്റർവരെ സഞ്ചരിക്കാനാവും. റോവർ ലാൻഡറിലേക്കാണ്‌ വിവരവും ചിത്രങ്ങളും കൈമാറുന്നത്‌.