ചന്ദ്രനോട് കൂടുതല്‍ അടുത്ത് വിക്രം ലാന്‍ഡര്‍; ആദ്യ ഡീബൂസ്റ്റിങ് വിജയകരം

ചന്ദ്രയാൻ -3 ദൗത്യം അന്തിമഘട്ടത്തോട് അടുക്കുന്നു. വ്യാഴാഴ്ച പ്രൊപ്പൽഷൻ മോഡ്യൂളിൽ നിന്ന് വേർപെട്ട ലാൻഡർ മോഡ്യൂളിന്റെ ആദ്യ ഡീബൂസ്റ്റിങ് പ്രക്രിയ വിജയകരമായി പൂർത്തിയാക്കയതായി ഐഎസ്ആർഒ അറിയിച്ചു. ഇതോടെ ലാൻഡർ മോഡ്യൂൾ ചന്ദ്രനിൽ നിന്ന് 113 കി.മീ. കൂറഞ്ഞ ദൂരവും 157 കി.മീ. കൂടിയ ദൂരവുമുള്ള ഭ്രമണപഥത്തിലേക്ക് എത്തി. ഓഗസ്റ്റ് 20-ന് രാത്രി രണ്ട് മണിക്കാണ് രണ്ടാമത്തെ ഡീബൂസ്റ്റിങ് നടത്തുക.

വ്യാഴാഴ്ച ഉച്ചയ്ക്കാണ് വിക്രം ലാൻഡർ പ്രൊപ്പൽഷൻ മോഡ്യൂളിൽ നിന്ന് വേർപെട്ടത്. വേർപെട്ട പ്രൊപ്പൽഷൻ മോഡ്യൂൾ ചന്ദ്രന്റെ ഭ്രമണപഥത്തിൽ തന്നെ വിവിധ നിരീക്ഷണ ദൗത്യങ്ങളുമായി തുടരും. വേർപെട്ടതിന് ശേഷം വിക്രം ലാൻഡർ പകർത്തിയ ചന്ദ്രന്റെ ചിത്രങ്ങളും ഓഗസ്റ്റ് 15-ന് പകർത്തിയ ചിത്രങ്ങളും ഐഎസ്ആർഒ പുറത്തുവിട്ടു.

അതേസമയം, ചന്ദ്രയാൻ-3 മറികടന്ന് ആദ്യം ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിൽ ഇറങ്ങാനുള്ള ശ്രമത്തിലാണ് റഷ്യയുടെ ലൂണ-25 പേടകം.