

അറബിക്കടലിൽ ഗോവ കർണാടക തീരത്തിനു സമീപം ന്യൂനമർദ സാധ്യത. തീവ്രന്യൂനമർദമായി ശക്തി പ്രാപിച്ച് മഹാരാഷ്ട്ര, ഗുജറാത്ത് തീരത്തേക്ക് കടന്നേക്കും. അറബിക്കടലിൽ കേരള തീരത്തു പടിഞ്ഞാറൻ കാറ്റ് വന്നു തുടങ്ങി. കേരളത്തിൽ 23,24 തീയതികളിൽ കാലവർഷത്തിന്റെ വരവിന്റെ ഭാഗമായുള്ള മഴ ലഭിച്ചു തുടങ്ങും. വടക്കൻ കേരളത്തിൽ കൂടുതൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വിദഗ്ധർ പറയുന്നു.
അടുത്ത ആഴ്ചയോടെ ബംഗാൾ ഉൾക്കടലിലും ചക്രവാതചുഴി /ന്യൂനമർദം രൂപപ്പെടുന്നത്തോടെ കേരളത്തിൽ പരക്കെ കാലവർഷം ശക്തി പ്രാപിക്കാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.
മേയ് 21 രാവിലെ 8.30ന് പുറത്തുവിട്ട കണക്കുപ്രകാരം, 48 മണിക്കൂറിൽ കേരളത്തിൽ ഏറ്റവും കൂടുതൽ മഴ ലഭിച്ചത് തൃക്കരിപ്പൂർ ആണ്. 389 മില്ലിമീറ്റർ മഴയാണ് രേഖപ്പെടുത്തിയത്. പിണറായി (341 മി.മീ), ചെറുതാഴം (295.4), തൃപ്രയാർ (252.6), കണ്ണൂർ ( 242.6), കൈതപ്രം (236.6), കുന്നംകുളം (228.8), പഴശ്ശി (222) എന്നിവിടങ്ങളിലും ശക്തമായ മഴയാണ് ഉണ്ടായത്.
- ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, മലവെള്ളപ്പാച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവർ അധികൃതരുടെ നിർദേശം അനുസരിച്ചു സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറിത്താമസിക്കണമെന്ന് അധികൃതർ അറിയിച്ചു.
- നദിക്കരകൾ, അണക്കെട്ടുകളുടെ കീഴ്പ്രദേശങ്ങൾ എന്നിവിടങ്ങളിൽ താമസിക്കുന്നവരും മാറിത്താമസിക്കേണ്ടതാണ്.
- ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാൽ അടച്ചുറപ്പില്ലാത്ത വീടുകളിൽ താമസിക്കുന്നവരും മേൽക്കൂര ശക്തമല്ലാത്ത വീടുകളിൽ താമസിക്കുന്നവരും പ്രത്യേക ജാഗ്രത പാലിക്കേണ്ടതാണ്.
- അപകടാവസ്ഥ മുന്നിൽ കാണുന്നവർ അധികൃതരുമായി ബന്ധപ്പെട്ട് സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി മാറിത്താമസിക്കണം.