ഗഗൻയാൻ പരീക്ഷണ വിക്ഷേപണം ഒക്ടോബർ 21-നെന്ന് ഐ.എസ്.ആർ.ഒ ചെയർമാൻ എസ്. സോമനാഥ്. മൂന്ന് പരീക്ഷണ വിക്ഷേപണവും അതിന് ശേഷം ആളില്ലാ വിക്ഷേപണവും നടത്തിയ ശേഷമായിരിക്കും ദൗത്യമെന്നും അദ്ദേഹം പറഞ്ഞു.
വിക്ഷേപണം നടത്തിയതിന് ശേഷം ദൗത്യം ഉപേക്ഷിക്കേണ്ട സാഹചര്യമുണ്ടായാൽ യാത്രികരെ സുരക്ഷിതമായി തിരികെയെത്തിക്കേണ്ടതുണ്ട്. പദ്ധതിയിലെ നിർണായകമായ സംവിധാനമാണ് ക്രൂ എസ്കേപ്പ് സിസ്റ്റം. റോക്കറ്റിന് എന്തെങ്കിലും സംഭവിച്ചാൽ, പൊട്ടിത്തെറിച്ചേക്കാവുന്ന റോക്കറ്റിൽ നിന്നും കുറഞ്ഞത് രണ്ട് കിലോമീറ്ററെങ്കിലും മാറ്റി യാത്രികരെ സംരക്ഷിക്കണം. ഈ സംവിധാനത്തിന്റെ കൃത്യത പരിശോധിക്കാനാണ് പദ്ധതിയെന്നും സോമനാഥ് വ്യക്തമാക്കി.
മനുഷ്യരെ ബഹിരാകാശത്ത് എത്തിക്കാനുള്ള ശേഷി തെളിയിക്കുകയാണ് ഗഗന്യാന് ദൗത്യം. ഭ്രമണപഥത്തിലെത്തിച്ച് തിരികെ ഭൂമിയിലേക്കെത്തിക്കുന്നതാണ് പദ്ധതി.