ശബ്ദ മലിനീകരണത്തിനെതിരേ നടപടിയെടുക്കുമെന്ന് കാണിച്ച് സംസ്ഥാനത്തെ 250-ഓളം ആരാധനാലങ്ങൾക്ക് നോട്ടീസ്. ആഭ്യന്തരവകുപ്പിന് ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിലാണ് നോട്ടീസ് നൽകുന്നത്. കഴിഞ്ഞമാസം അവസാനവും ഈ മാസം ആദ്യവുമായി പല ആരാധനാലയങ്ങൾക്കും നോട്ടീസ് ലഭിച്ചിട്ടുണ്ട്. കോളാമ്പി മൈക്കുകൾ ഉപയോഗിക്കാൻ പാടില്ലെന്ന നിയമം നിലവിലിരിക്കെ അത് ഉപയോഗിച്ചുവെന്നും 24 മണിക്കൂറിനുള്ളിൽ അവ നീക്കിയില്ലെങ്കിൽ മുന്നറിയിപ്പില്ലാതെ നിയമനടപടികൾ സ്വീകരിക്കുമെന്നുമാണ് നോട്ടീസിലുള്ളത്.
എസ്.ഐ.മാരും എസ്.എച്ച്.ഒ.മാരുമാണ് നോട്ടീസ് നൽകുന്നത്. ആരാധാനാലയ കമ്മറ്റികൾ ഇക്കാര്യത്തിൽ എന്തു ചെയ്യണമെന്ന് ആലോചിക്കുന്നുണ്ട്.
ഇക്കൊല്ലം മെയിൽ തിരുവനന്തപുരം സ്വദേശിയിൽനിന്ന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ നടപടികൾ സ്വീകരിക്കാൻ പോലീസ് മേധാവിയോട് ആഭ്യന്തരവകുപ്പ് നിർദേശിച്ചിരുന്നു. നിരോധിത മൈക്കുകൾ ഉപയോഗിക്കുന്ന ആരാധനാലയങ്ങൾ ചൂണ്ടിക്കാട്ടിയായിരുന്നു ആഭ്യന്തര വകുപ്പിന് പരാതി ലഭിച്ചത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോൾ വിവിധയിടങ്ങളിൽ നോട്ടീസ് നൽകുന്നത്. പൊതുജനങ്ങളിൽനിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ശബ്ദമലിനീകരണം നടക്കുന്ന ആരാധാനാലയങ്ങളുടെ പട്ടിക പരാതിക്കാരൻ സമർപ്പിച്ചത്. ക്ഷേത്രങ്ങൾ, മസ്ജിദുകൾ, ക്രിസ്ത്യൻ പള്ളികൾ എന്നിവയുടെ പട്ടികയാണ് പരാതിക്കൊപ്പം നൽകിയിരുന്നത്.