കൈക്കൂലി വാങ്ങുന്നതിനിടെ കേന്ദ്ര ജിഎസ്‌ടി സൂപ്രണ്ട് വിജിലൻസ് പിടിയിൽ

പൊതുമരാമത്ത് കരാറുകാരനില്‍നിന്ന് കൈക്കൂലി വാങ്ങുന്നതിനിടെ കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരന്‍ വിജിലന്‍സ് പിടിയില്‍. കല്‍പ്പറ്റ സെന്‍ട്രല്‍ ടാക്സ് ആന്‍ഡ് എക്സൈസ് സൂപ്രണ്ട് ഹരിയാന സ്വദേശി പ്രവീന്ദര്‍ സിങ് ആണ് പിടിയിലായത്. ഇയാളില്‍നിന്ന് കൈക്കൂലിയായി ലഭിച്ച ഒരുലക്ഷം രൂപയും പിടിച്ചെടുത്തു.

മാനന്തവാടി സ്വദേശിയായ കരാറുകാരന്‍ ഇന്‍പുട്ട് ടാക്സ് ക്രഡിറ്റ് (ഐസിടി) ആയി ലഭിക്കേണ്ട 10 ലക്ഷം രൂപ കുറച്ചായിരുന്നു 2018–19ല്‍ ജിഎസ്ടി അടച്ചിരുന്നത്. ഇതിന്റെ പിഴയായി 21,035 രൂപ അടക്കണമെന്ന് പ്രവീന്ദര്‍ സിങ് നിര്‍ദേശം നല്‍കി. പിന്നീട്, അഞ്ച് ലക്ഷം രൂപകൂടി പിഴയിനത്തില്‍ ആവശ്യമാണെന്നും ഇളവ് ലഭിക്കണമെങ്കില്‍ മൂന്ന് ലക്ഷം കൈക്കൂലി നല്‍കണമെന്നും അറിയിച്ചു. ഇതോടെയാണ് തിങ്കളാഴ്ച രാവിലെ വിജിലന്‍സ് വടക്കന്‍ മേഖല എസ്‌പിക്ക് കരാറുകാരന്‍ പരാതി നല്‍കിയത്.

വൈകിട്ട് മൂന്നോടെ കല്‍പ്പറ്റ പുതിയ ബസ്‌സ്റ്റാന്‍ഡിന് സമീപം കാറില്‍ വച്ച് പണം വാങ്ങുന്നതിനിടെയാണ് വിജിലന്‍സ് ഡിവൈഎസ്‌പി സിബി തോമസും സംഘവും പ്രവീന്ദര്‍ സിങ്ങിനെ പിടികൂടിയത്. ഇയാളെ ചൊവ്വാഴ്ച കോഴിക്കോട് വിജിലന്‍സ് കോടതിയില്‍ ഹാജരാക്കും.