കേന്ദ്ര ഉദ്യോഗസ്ഥർക്കെതിരെ വിജിലൻസിന്‌ കേസെടുക്കാം; നിയമതടസ്സമില്ലെന്ന് ഹൈക്കോടതി

കേന്ദ്രസർക്കാർ ഉദ്യോഗസ്ഥർക്കെതിരെ സംസ്ഥാനത്തെ വിജിലൻസ് ആൻഡ്‌ ആന്റി കറപ്ഷൻ ബ്യൂറോയ്ക്ക് കേസെടുക്കാനും അന്വേഷിച്ച്‌ കുറ്റപത്രം സമർപ്പിക്കാനും നിയമതടസ്സമില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. അഴിമതി നിരോധന നിയമപ്രകാരവും ഇന്ത്യൻ ശിക്ഷാനിയമപ്രകാരവും നടപടിയെടുക്കാം. നോർത്ത്‌ മലബാർ ഗ്രാമീൺ ബാങ്കിന്റെ തലയോലപ്പറമ്പ്‌ ശാഖയിലെ ഉദ്യോഗസ്ഥരെ കേസിൽനിന്ന്‌ ഒഴിവാക്കിയ വിജിലൻസ്‌ കോടതി ഉത്തരവ്‌ റദ്ദാക്കിയാണ്‌ ഹൈക്കോടതിയുടെ നടപടി.

തലയോലപ്പറമ്പ് പഞ്ചായത്തിലെ ഭവനനിർമാണ പദ്ധതി ഗുണഭോക്താക്കൾക്ക് ലഭിക്കേണ്ട 1,85,000 രൂപ ബാങ്ക്‌ ജീവനക്കാരുടെ ഒത്താശയോടെ ഗ്രാമസേവിക തിരിമറി നടത്തിയെന്നാണ്‌ കേസ്‌. വിജിലൻസ് കോട്ടയം യൂണിറ്റാണ്‌ കേസന്വേഷിച്ചത്‌. രണ്ടുമുതൽ നാലുവരെ പ്രതികൾ നോർത്ത് മലബാർ ഗ്രാമീൺ ബാങ്കിലെ ജീവനക്കാരാണ്‌. ഔദ്യോഗിക കൃത്യവിലോപം, ഗൂഢാലോചന, ചതി, വ്യാജരേഖ നിർമാണം, രേഖകൾ നശിപ്പിക്കൽ, സാമ്പത്തികതിരിമറി എന്നീ കുറ്റങ്ങൾ ചെയ്തതായി കോട്ടയം വിജിലൻസ്‌ പ്രത്യേക കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു.

കേന്ദ്രനിയന്ത്രണത്തിലുള്ള ബാങ്കിലെ ജീവനക്കാർക്കെതിരെ അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കാൻ സംസ്ഥാന വിജിലൻസിന് അധികാരമില്ലെന്നു കാണിച്ച് ബാങ്ക് ജീവനക്കാർ കോടതിയിൽ വിടുതൽ ഹർജി നൽകി. ഇത്‌ ശരിവച്ച് വിജിലൻസ്‌ പ്രത്യേക കോടതി പ്രതികളെ കേസിൽനിന്ന് ഒഴിവാക്കി. ഇതിനെതിരെ വിജിലൻസ് നൽകിയ ഹർജിയിലാണ്‌ പ്രത്യേക കോടതിയുടെ ഉത്തരവ് ഹൈക്കോടതി റദ്ദാക്കിയത്‌. പ്രതികളോട് വിചാരണ നേരിടാൻ ജസ്റ്റിസ് കൗസർ എടപ്പഗത്ത് ഉത്തരവിട്ടു.

കേന്ദ്രസർക്കാരിന്‌ കീഴിലുള്ള ഉദ്യോഗസ്ഥർക്കെതിരായ കേസുകൾ സിബിഐയെയോ മറ്റു ഏജൻസികളെയോ അറിയിക്കേണ്ട ചുമതല മാത്രമാണ്‌ സംസ്ഥാന വിജിലൻസിനുള്ളതെന്ന്‌ വിജിലൻസ് മാന്വലിൽ മാർഗനിർദേശമുണ്ടെന്ന്‌ പ്രതികൾ വാദിച്ചു. ബാങ്ക് ഉദ്യോഗസ്ഥർക്കെതിരെ സംസ്ഥാന വിജിലൻസ് രജിസ്റ്റർ ചെയ്ത കേസുകൾ റദ്ദാക്കാൻ ആധാരമായ 2016ലെ കേരള ഹൈക്കോടതിയുടെ ഉത്തരവ് നിയമപരമായി നിലനിൽക്കില്ലെന്ന് (പെർ ഇൻക്യൂറിയം) ഹൈക്കോടതി വിലയിരുത്തി. അഴിമതി നിരോധന നിയമത്തിനും ക്രിമിനൽ നടപടി നിയമത്തിനും വിധേയമായാണ് വിജിലൻസ് പ്രവർത്തിക്കേണ്ടതെന്നും വിജിലൻസ് മാന്വൽ കേസന്വേഷണത്തിനുള്ള മാർഗനിർദേശം മാത്രമാണെന്നും ഹൈക്കോടതി വിലയിരുത്തി.