കുട്ടികളുടെ ലിംഗമാറ്റ ശസ്‌ത്രക്രിയ നിയന്ത്രണവിധേയമാക്കാൻ മൂന്നുമാസത്തിനുള്ളിൽ നിയമനിർമാണം നടത്തണമെന്ന് സംസ്ഥാന സർക്കാരിന് ഹൈക്കോടതിയുടെ നിർദേശം. ശസ്‌ത്രക്രിയയുടെ കാര്യങ്ങൾ പരിശോധിച്ച് അനുമതി നൽകാൻ സംസ്ഥാനതലത്തിൽ മൾട്ടിഡിസിപ്ലിനറി കമ്മിറ്റി രൂപീകരിക്കണം. ശിശുരോഗചികിത്സകൻ, ശിശുരോഗ ശസ്‌ത്രക്രിയ വിദഗ്‌ധൻ, കുട്ടികളുടെ മാനസികാരോഗ്യ വിദഗ്‌ധൻ അല്ലെങ്കിൽ ചൈൽഡ് സൈക്കോളജിസ്‌റ്റ് എന്നിവർ കമ്മിറ്റിയിൽ വേണം. ലിംഗമാറ്റ ശസ്‌ത്രക്രിയക്ക് കമ്മിറ്റിയുടെ അനുമതി തേടണമെന്നും കോടതി നിർദേശിച്ചു. ഏഴുവയസ്സുകാരിയുടെ ലിംഗമാറ്റ ശസ്‌ത്രക്രിയക്ക് അനുമതി ആവശ്യപ്പെട്ട് തലശേരിയിലെ മാതാപിതാക്കൾ നൽകിയ ഹർജി തീർപ്പാക്കിയാണ് ജസ്‌റ്റിസ് വി ജി അരുണിന്റെ നിർദേശം.
‘കൺജെനിറ്റൽ അഡ്രിനൽ ഹൈപ്പർപ്ലാസിയ’ സ്ഥിരീകരിച്ച കുഞ്ഞ് ജനിച്ചപ്പോൾ പെൺകുട്ടിയുടെ ജനനേന്ദ്രിയമായിരുന്നു. പിന്നീട് രൂപമാറ്റം സംഭവിച്ചു. ജനനസർട്ടിഫിക്കറ്റിൽ പെൺകുട്ടിയെന്നാണ് രേഖപ്പെടുത്തിയത്. നാലാംവയസ്സിൽ ആൺകുട്ടിയുടെ ജനനേന്ദ്രിയമെന്ന് തോന്നിപ്പിക്കുന്നതരത്തിൽ രൂപമാറ്റമുണ്ടായി. പരിശോധനയിൽ ഗർഭപാത്രവും അണ്ഡാശയവുമുള്ളതായി കണ്ടെത്തി. പെൺകുട്ടിയായി ജീവിക്കണമെങ്കിൽ ലിംഗമാറ്റ ശസ്‌ത്രക്രിയ നടത്തണമെന്നായിരുന്നു വിദഗ്‌ധാഭിപ്രായം. എന്നാൽ, കോടതിയുടെ അനുവാദമില്ലാതെ ശസ്‌ത്രക്രിയക്ക് ഡോക്ടർമാർ തയ്യാറായില്ല. ഇതോടെയാണ് പെൺകുട്ടിയായി ജീവിക്കാൻ ലിംഗമാറ്റ ശസ്‌ത്രക്രിയക്ക് അനുമതി ആവശ്യപ്പെട്ട് മാതാപിതാക്കൾ ഹൈക്കോടതിയെ സമീപിച്ചത്. അമിക്കസ് ക്യൂറിയെ നിയമിച്ച കോടതി, മെഡിക്കൽ ബോർഡ് റിപ്പോർട്ടും തേടി. ഭരണഘടന വിഭാവനം ചെയ്യുന്ന അവകാശങ്ങളിലേക്കുള്ള കടന്നുകയറ്റമാണ് കുട്ടികളുടെ ലിംഗമാറ്റ ശസ്‌ത്രക്രിയയിലൂടെ നടക്കുന്നതെന്ന് കോടതി നിരീക്ഷിച്ചു.
കുട്ടികളുടെ അനുമതിയില്ലാതെ ശസ്‌ത്രക്രിയ നടത്തുന്നതിലൂടെ സ്വകാര്യതയ്‌ക്കുള്ള അവകാശവും അവരുടെ അന്തസ്സും ലംഘിക്കുകയാണ്. കൗമാരത്തിലേക്ക് കടക്കുന്നതോടെ കുട്ടിക്ക് ഒരുപക്ഷേ, മാനസിക വൈകാരിക പ്രശ്‌നങ്ങൾക്ക് ഇതിടയാക്കുമെന്നും അടിയന്തരമായി ശസ്‌ത്രക്രിയ നടത്തേണ്ട സാഹചര്യമില്ലെന്ന് മെഡിക്കൽ റിപ്പോർട്ടിൽനിന്ന് വ്യക്തമായെന്നും കോടതി നിരീക്ഷിച്ചു. മൾട്ടിഡിസിപ്ലിനറി കമ്മിറ്റി രണ്ടുമാസത്തിനകം കുട്ടിയെ പരിശോധിച്ച്, ജീവന് ആപത്തുള്ളവിധം പ്രശ്‌നങ്ങളുണ്ടെങ്കിൽ ശസ്‌ത്രക്രിയക്ക് അനുമതി നൽകാമെന്നും കോടതി വ്യക്തമാക്കി.