ഓണം ഫെയർ 18 മുതൽ; മണ്ഡലങ്ങളിൽ സപ്ലൈകോ ഓണം ചന്ത

ഈ മാസം 18 മുതൽ സപ്ലൈകോ ഓണം ഫെയർ നടത്തുമെന്ന് ഭക്ഷ്യമന്ത്രി ജി ആര്‍ അനിൽ പറഞ്ഞു. 28വരെ തിരുവനന്തപുരത്ത് നടക്കുന്ന ഓണം ഫെയർ 18 ന്‌ പകൽ 3.30 ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. വിപണി ഇടപെടലിന്റെ ഭാഗമായി നിയമസഭമണ്ഡലങ്ങളിലും ഇത്തവണ സപ്ലൈകോ ഓണം ചന്ത ഒരുക്കും. ജില്ലാ ചന്തകൾ 19 ന്‌ ആരംഭിക്കുമെന്നും മന്ത്രി അറിയിച്ചു.

250 -കോടിയുടെ വിറ്റുവരവാണ്‌ സപ്ലൈകോ ലക്ഷ്യമിടുന്നത്‌. ആധുനിക സൂപ്പർ മാർക്കറ്റുകളോട് കിടപിടിക്കുന്ന രീതിയിലുള്ള വിൽപ്പന തന്ത്രങ്ങളും ഇന്റീരിയർ സൗകര്യങ്ങളുമാണ്‌ ജില്ലാ ഓണം ഫെയറുകളുടെ പ്രത്യേകത. മിൽമ , കേരഫെഡ്, കുടുംബശ്രീ ഉൾപ്പെടെയുളള സ്ഥാപനങ്ങളുടെ സ്റ്റാളുകൾ ജില്ലാ ഫെയറിൽ ഉണ്ടാകും. പ്രാദേശിക കർഷകരിൽ നിന്നും സംഭരിക്കുന്ന പച്ചക്കറികളും ജില്ലാ ഫെയറിൽ ലഭിക്കും.

ചന്തകളിലെ വിൽപ്പന വർധിപ്പിക്കുന്നതിനായി പൊതുമേഖല / സ്വകാര്യ സ്ഥാപനങ്ങളുമായി സഹകരിച്ച് അവിടങ്ങളിലെ ജീവനക്കാർക്ക് 500/- 1000- രൂപ നിരക്കിലുള്ള കൂപ്പണുകൾ സൗജന്യ നിരക്കിൽ വിതരണം ചെയ്യും. 20 കൂപ്പൺ ഒരുമിച്ചെടുക്കുന്ന സ്വകാര്യ കമ്പനികൾക്കും പൊതുമേഖലാസ്ഥാപനങ്ങൾക്കും ഒരു കൂപ്പൺ സൗജന്യമായിരിക്കും.
ഈ കൂപ്പൺ ഉപയോഗിച്ച്‌ സപ്ലൈകോയുടെ ഇഷ്ടമുള്ള വിൽപ്പനശാലയിൽ നിന്നും സാധനങ്ങൾ വാങ്ങാം.
സബ്സിഡി സാധനങ്ങൾക്ക് പുറമെ വിവിധ നിത്യോപയോഗ സാധനങ്ങൾക്ക് കോമ്പോ ഓഫറുകളടക്കം വമ്പിച്ച ഓഫറുകളാണ് നൽകുക.5 ശതമാനം മുതൽ 50 ശതമാനം വരെ വിലക്കുറവിൽ സാധനങ്ങൾ ലഭിക്കും.
ആഗസ്റ്റ് പത്തോടുകൂടി എല്ലാ അവശ്യസാധനങ്ങളുടെയും ലഭ്യത സപ്ലൈകോ വിൽപ്പനശാലകളിൽ ഉറപ്പുവരുത്തും. സപ്ലൈകോ വിൽപ്പനശാലകളിലെ ഒരു മാസത്തെ ശരാശരി വിൽപ്പന 270 കോടിയാണ്. മുമ്പ് ഇത് 252 കോടിയായിരുന്നു. സബ്‌സിഡി സാധനങ്ങൾ വാങ്ങാനായി ഒരു മാസം 45 ലക്ഷത്തോളംപേർ സപ്ലൈകോ വിൽപ്പനശാലകളെ ആശ്രയിക്കുന്നുണ്ട്‌.