ഏറ്റുമാനൂർ – എറണാകുളം റോഡിലെ 41 കൊടും വളവുകൾ നിവര്‍ത്തുന്നു

ഏറ്റുമാനൂർ- എറണാകുളം റോഡിലെ കൊടും വളവുകൾ നിവർത്തുന്നതിനുള്ള നടപടികൾക്ക് പച്ചക്കൊടി വീശി ഭൂമി ഏറ്റെടുക്കലിന് വിജ്ഞാപനം ഇറങ്ങി. വർഷങ്ങളായി മുടങ്ങിക്കിടന്ന പദ്ധതിക്ക് ഇതോടെ ജീവൻ വച്ചു.

ഏറ്റുമാനൂരിനു സമീപം പട്ടിത്താനം ജംഗ്ഷൻ മുതൽ തലയോലപ്പറമ്പ് പള്ളിക്കവല വരെയുള്ള 41 കൊടുംവളവുകളാണ് ഈ പദ്ധതിയിൽ നിവർത്തുന്നത്. ഇതിനായി 1.1859 ഹെക്ടർ ഭൂമി സ്വകാര്യ വ്യക്തികളുടെ കൈവശത്തു നിന്നും ഏറ്റെടുത്ത് റോഡ് നിർമ്മാണത്തിനായി റവന്യൂ വകുപ്പ് പൊതുമരാമത്ത് നിരത്ത് വിഭാഗത്തിന് കൈമാറും.

മീനച്ചിൽ താലൂക്കിലെ കാണക്കാരി, വൈക്കം താലൂക്കിലെ മുട്ടുചിറ, കോതനല്ലൂർ, മാഞ്ഞൂർ, കടുത്തുരുത്തി, വടയാർ വില്ലേജുകളിൽ നിന്നായിട്ടാണ് ഭൂമി ഏറ്റെടുക്കുന്നത്. ഇതിനായി കോട്ടയം ജില്ലാ കളക്ടർ പ്രാരംഭ വിജ്ഞാപനം 2013-ലെ ചട്ടപ്രകാരം പുറപ്പെടുവിച്ചു. ഇതോടൊപ്പം സാമൂഹിക പ്രത്യാഘാത വിലയിരുത്തൽ പഠനരേഖയും പ്രസിദ്ധീകരിച്ചിട്ടുണ്ട്. പാലാ ലാൻ്റ് അക്വിസിഷൻ (ജനറൽ) സ്പെഷ്യൽ തഹസിൽദാർക്കാണ് ഭൂമി ഏറ്റെടുക്കലിൻ്റെ ചുമതല നൽകിയിരിക്കുന്നത്.