ഏക രക്ഷിതാവായ പുരുഷ സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥര്‍ക്കും കുട്ടികളെ നോക്കാന്‍ രണ്ടുവര്‍ഷത്തെ അവധി. നേരത്തെ, വനിതാ ഓഫീസര്‍മാര്‍ക്ക് മാത്രമായിരുന്നു ഈ അവധി ലഭ്യമായിരുന്നത്. 1955-ലെ അഖിലേന്ത്യാ ലീവ് റൂള്‍സ് കേന്ദ്രസര്‍ക്കാര്‍ പേഴ്‌സണല്‍ മന്ത്രാലയം ഭേദഗതി ചെയ്തുകൊണ്ടാണ് പുതിയ നിയമം പ്രാബല്യത്തില്‍ വരുത്തിയിരിക്കുന്നത്. ശമ്പള വ്യവസ്ഥയിലും മറ്റ് നിബന്ധനകളിലും ഏതാനും മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. ഐ.എ.എസ്, ഐ.പി.എസ്, ഫോറസ്റ്റ് സര്‍വീസ് ഉദ്യോഗസ്ഥര്‍ക്കാണ് അവധി ആനുകൂല്യം.
18 വയസ്സുവരെയുള്ള രണ്ട് കുട്ടികളെ പരിപാലിക്കാന്‍ സര്‍വീസ് കാലയളവില്‍ ആകെ രണ്ടുവര്‍ഷംവരെ അവധി അനുവദിക്കാമെന്നാണ് ഉത്തരവിലുള്ളത്. വിദ്യാഭ്യാസവും ആരോഗ്യപരവുമായ കാര്യങ്ങള്‍ നോക്കാനാണ് അവധിയെന്നും ഉത്തരവിലുണ്ട്. അവിവാഹിതരോ ബന്ധം വേര്‍പ്പെടുത്തിയവരോ ആയവര്‍ക്കാണ് അവധിക്ക് അര്‍ഹത.
നേരത്തേ അവധിയില്‍ പോകുന്നതിന് തൊട്ടുമുമ്പ് ലഭിച്ചിരുന്ന മുഴുവന്‍ ശമ്പളവും അവധി കാലയളവില്‍ ലഭിക്കുമായിരുന്നു. എന്നാല്‍, പുതിയ ഭേദഗതി പ്രകാരം ആദ്യത്തെ വര്‍ഷം മുഴുവന്‍ ശമ്പളവും അടുത്ത ഒരു വര്‍ഷം ശമ്പളത്തിന്റെ 80 ശതമാനവും ലഭിക്കും. പുരുഷ ഓഫീസര്‍മാര്‍ക്ക് കലണ്ടര്‍ വര്‍ഷത്തില്‍ മൂന്ന് തവണയായും വനിതാ ഓഫീസര്‍മാര്‍ക്ക് ആറുതവണവരെയായും അവധിയെടുക്കാം. ഓരോ തവണയും അഞ്ചുദിവസത്തില്‍ കുറയാന്‍ പാടില്ലെന്നും നിര്‍ദേശമുണ്ട്. അത്യാവശ്യ സാഹചര്യങ്ങളിലല്ലാതെ പ്രൊബേഷന്‍ കാലയളവില്‍ ഈ അവധി ലഭ്യമാകില്ല.