മാലിന്യമുക്ത നവകേരളം ക്യാമ്പയിന്റെ ഭാഗമായി കണ്ടെത്തിയ 3000 മാലിന്യകേന്ദ്രം ശുചീകരിച്ച് സൗന്ദര്യവൽക്കരിച്ച് സ്‌നേഹാരാമങ്ങളാക്കാൻ കലാലയങ്ങളിലെ എൻഎസ്‌എസ് വളന്റിയർമാരെ ചുമതലപ്പെടുത്തി. ഇവർക്കുള്ള പ്രവർത്തന മാർഗരേഖ തദ്ദേശവകുപ്പ് പുറത്തിറക്കി. ഓരോ തദ്ദേശസ്ഥാപന പരിധിയിലെയും മാലിന്യകേന്ദ്രങ്ങൾ കണ്ടെത്തി ശുചീകരിച്ച് സൗന്ദര്യവൽക്കരിക്കാനുള്ള ചുമതല അതത് പ്രദേശത്തെ കലാലയങ്ങളിലെ എൻഎസ്‌എസ് യൂണിറ്റുകൾക്ക് കൈമാറും. ഇവിടങ്ങളിൽ പച്ചത്തുരുത്ത്, ചുമർച്ചിത്രം, വെർട്ടിക്കൽ ഗാർഡൻ, പാർക്ക്, തണലിടം, അജൈവ പാഴ്‌വസ്‌തുക്കൾകൊണ്ടുള്ള ഇൻസ്റ്റലേഷൻ തുടങ്ങിയവ ഒരുക്കും. ഇതിന് ഓരോ എൻഎസ്‌എസ് യൂണിറ്റിനും ശുചിത്വ മിഷനിൽനിന്ന് 5000 രൂപവീതം നൽകും. തുക അധികം ആവശ്യമാണെങ്കിൽ സ്‌പോൺസർഷിപ്പ് വഴിയോ പഞ്ചായത്തിന്റെ തനത് ഫണ്ടിൽ നിന്നോ കണ്ടെത്താം.
എൻഎസ്‌എസ് യൂണിറ്റുകളിലെ വിദ്യാർഥികൾ ഒരുക്കുന്ന സ്‌നേഹാരാമങ്ങൾക്ക് തദ്ദേശവകുപ്പ് നൽകേണ്ട പ്രവർത്തനം സംബന്ധിച്ച് വിശദ മാർഗനിർദേശം തദ്ദേശവകുപ്പ് പുറത്തിറക്കി. ഒക്ടോബർ രണ്ടിന് ആരംഭിച്ച് 2024 ജനുവരി ഒന്നിന് 3000 സ്‌നേഹാരാമവും യാഥാർഥ്യമാക്കണം.
സ്‌നേഹാരാമങ്ങളുടെ തുടർ പരിചരണം ഉറപ്പാക്കാൻ വാർഷിക അറ്റകുറ്റപ്പണി എൻഎസ്‌എസ് യൂണിറ്റുകളുടെ സഹായത്തോടെ നടത്താനും നിർദ്ദേശമുണ്ട്.