കോട്ടയം ജില്ലയിൽ ഈ മാസം 18 പേർക്ക് എച്ച്-1 എൻ-1 ഇൻഫ്ളുവൻസ പനി സ്ഥിരീകരിച്ചു. പെട്ടെന്നുണ്ടാകുന്ന പനി, ചുമ, തലവേദന, പേശീവേദന, സന്ധിവേദന, തൊണ്ടവേദന, മൂക്കൊലിപ്പ് എന്നിവയാണ് സാധാരണ ലക്ഷണങ്ങൾ.
രോഗലക്ഷണങ്ങൾ ഒന്നുമുതൽ രണ്ടാഴ്ചയ്ക്കകം കുറയുമെങ്കിലും ഗർഭിണികൾ, രണ്ടാഴ്ചയ്ക്കുള്ളിൽ പ്രസവം കഴിഞ്ഞവർ, രണ്ടുവയസ്സിനു താഴെയുള്ളവർ, 65 വയസ്സിനുമുകളിലുള്ളവർ, പൊണ്ണത്തടിയുള്ളവർ, മറ്റു ഗുരുതരരോഗങ്ങൾ ഉള്ളവർ എന്നിവരിൽ കൃത്യമായി ചികിത്സ നേടാതിരുന്നാൽ ഗുരുതരമാവും.
എച്ച്-1 എൻ-1 ഇൻഫ്ളുവൻസയ്ക്കുള്ള ‘ഒസൾട്ടമാവിർ’ ഗുളിക എല്ലാ സർക്കാർ ആരോഗ്യകേന്ദ്രങ്ങളിലും സൗജന്യമായി ലഭിക്കും. ആന്റിബയോട്ടിക്കുകൾ ഇതിനെതിരേ ഫലപ്രദമല്ല. രോഗം മൂർച്ഛിക്കുന്നത് തടയുന്നതിന് എല്ലാ ഗർഭിണികളെയും ആഴ്ചയിൽ മൂന്നുദിവസം ഫോണിൽ ബന്ധപ്പെട്ട് പനി വിവരം അന്വേഷിച്ച് കൃത്യമായ ചികിത്സ ലഭ്യമാക്കാൻ ജില്ലയിൽ ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സ്മാർക്ക് നിർദേശം നൽകിയിട്ടുണ്ട്. എല്ലാ സർക്കാർ ആശുപത്രികളിലും പനി ബാധിതരിൽനിന്നു സാമ്പിളുകൾ ശേഖരിച്ച് പരിശോധനയ്ക്ക് അയയ്ക്കാൻ തീരുമാനിച്ചിട്ടുണ്ട്.