എംബിബിഎസ് വിജയമാനദണ്ഡത്തിൽ ഭേദഗതിയുമായി ദേശീയ മെഡിക്കൽ കമീഷൻ. എഴുത്തുപരീക്ഷയും പ്രായോഗിക പരീക്ഷയും ചേർത്ത് ഓരോ വിഷയത്തിനും 50 ശതമാനം മാർക്ക് നേടിയാൽ ഇനി പാസാകാം. എഴുത്തുപരീക്ഷയിലും പ്രായോഗിക പരീക്ഷയിലും പ്രത്യേകം 50 ശതമാനം മാർക്കുവീതം നേടിയാൽമാത്രമേ വിജയിക്കാനാകൂ എന്നതായിരുന്നു നേരത്തെയുള്ള മാനദണ്ഡം. ഇതിലാണ് മാറ്റം വരുത്തിയത്. പ്രായോഗിക പരീക്ഷയിൽ ലാബ്, ക്ലിനിക്കൽ, വൈവ അടക്കം ഉൾപ്പെടും.
ഇതുകൂടാതെ രണ്ട് പേപ്പറുകൾ ഉള്ള വിഷയമാണെങ്കിൽ ഓരോന്നിനും 40 ശതമാനം മാർക്ക് വീതം നേടണം. സർവകലാശാല നടത്തുന്ന പരീക്ഷകളിൽ 60:40 അല്ലെങ്കിൽ 40:60 (എഴുത്തുപരീക്ഷ: പ്രായോഗികപരീക്ഷ) എന്നിങ്ങനെ മാർക്കും നേടണം. എങ്കിൽ മാത്രമേ ആ വിഷയത്തിൽ പാസാകാൻ കഴിയൂ.
കഴിഞ്ഞ ഒന്നിനാണ് ഇതുസംബന്ധിച്ച ഉത്തരവ് മെഡിക്കൽ കമീഷൻ പുറപ്പെടുവിച്ചത്.