എംജി യൂണിവേഴ്സിറ്റിയുടെ പരീക്ഷ ഭവനിൽ നിന്നാണ് 52 സർട്ടിഫിക്കറ്റ് ഫോർമാറ്റുകൾ നഷ്ടപ്പെട്ടത്. കാണാതായ ഈ ഫോർമാറ്റിൽ വിദ്യാർത്ഥിയുടെ പേരും രജിസ്റ്റർ നമ്പറും ചേർത്താൽ ഒർജിനൽ സർട്ടിഫിക്കറ്റ് ആകും. 20 കോഴ്‌സുകളുടെ സർട്ടിഫിക്കേറ്റ് ഫോർമറ്റുകളാണ് നഷ്ടപ്പെട്ടത്. യൂണിവേഴ്‌സിറ്റിയിൽ പ്രാഥമിക പരിശോധന തുടങ്ങി. ഫോർമാറ്റുകൾ മറ്റേതെങ്കിലും ഡിപ്പാർട്മെന്റിൽ ഉണ്ടോ എന്ന് പരിശോധിക്കുന്നു.
അങ്ങേയറ്റം രഹസ്യസ്വഭാവത്തോടെ സൂക്ഷിക്കുന്ന സർട്ടിഫിക്കറ്റ് ഫോർമാറ്റുകൾ കാണാതായതില്‍ റിപ്പോർട്ട് നൽകാൻ വൈസ് ചാൻസലർ പരീക്ഷാകൺട്രോളറെ ചുമതലപ്പെടുത്തി. സെക്‌ഷൻ ഓഫീസർക്കാണ് ഈ ഫോർമാറ്റുകൾ സൂക്ഷിക്കാനുള്ള ചുമതല. അഞ്ഞൂറെണ്ണമുള്ള ഒരു കെട്ട് ആയാണ് ഇവ സൂക്ഷിക്കുന്നത്. ഒരാഴ്ചമുമ്പ് സെക്‌ഷനിലെ രജിസ്റ്റർ കാണാതായിരുന്നു. ഇത് കണ്ടെത്താനുള്ള ശ്രമത്തിനിടെ മേശയ്ക്കുള്ളിൽനിന്ന് ഡിഗ്രി സർട്ടിഫിക്കറ്റിന്റെ രണ്ടു ഫോർമാറ്റ് കണ്ടെത്തി. അതോടെയാണ് കൂടുതൽ അന്വേഷണം തുടങ്ങിയത്. ഫോർമാറ്റിന്റെ കെട്ട് പരിശോധിച്ചു. അതോടെ 54 എണ്ണം ഇല്ലെന്ന് ബോധ്യമായി.
സർവകലാശാലയിൽ ഡിഗ്രി സർട്ടിഫിക്കറ്റ് തയ്യാറാക്കുന്ന എട്ടു വിഭാഗങ്ങളുണ്ട്. സർട്ടിഫിക്കറ്റുകൾ തയ്യാറാക്കാൻ സെക്‌ഷൻ ഓഫീസർ ഇത് അസിസ്റ്റന്റിന് കൈമാറുകയാണ് പതിവ്. ആറു ജീവനക്കാരാണ് സെക്‌ഷനിലുള്ളത്.