തരിശുപാടത്തുനിന്ന് നാടൊന്നാകെ ചേർന്ന് വിളയിച്ച അരി പാടശേഖരത്തിന്റെ പേരിൽ വിപണിയിലെത്തുന്നു. ഉദയനാപുരം പഞ്ചായത്തിൽ 30 വർഷമായി തരിശുകിടന്ന ചാലകം പാടശേഖരത്തിൽ ഉത്‌പാദിപ്പിച്ച നെല്ലിൽനിന്നുള്ള അരികളാണ് ‘ചാലകം റൈസ്’ എന്ന പേരിൽ വിപണിയിലെത്തുന്നത്.
വൈക്കം ബ്ലോക്ക് പഞ്ചായത്തിന്റെയും ഉദയനാപുരം പഞ്ചായത്തിന്റെയും സഹകരണത്തോടെ തരിശുരഹിത കൃഷിയിട പദ്ധതിയായ ‘നിറവിൽ’ ഉൾപ്പെടുത്തി തുടർച്ചയായി രണ്ടുവർഷക്കാലം വിജയകരമായി കൃഷിചെയ്തു.
ഇരുമ്പൂഴിക്കര എൻ.എസ്.എസ്. ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ മന്ത്രി പി. പ്രസാദ്, ഉദയനാപുരം പഞ്ചായത്ത് പ്രസിഡന്റ് പി.കെ.ആനന്ദവല്ലിക്ക് അരി നൽകി വിപണനോദ്ഘാടനം നടത്തും. അടുത്ത ഘട്ടത്തിൽ ‘ചാലകം റൈസ്’ കൂടുതൽ സ്ഥലങ്ങളിലെത്തിക്കാനുള്ള പദ്ധതി നടപ്പാക്കാനാണ് തീരുമാനം.