ഇസ്രായേൽ-ഹമാസ് ഏറ്റുമുട്ടൽ; ‘സുരക്ഷിതമായ ഇടങ്ങളിൽ തുടരണം’, ഇന്ത്യക്കാർക്ക് ജാഗ്രതാ നിർദേശം നൽകി കേന്ദ്രം

ഇസ്രായേൽ-ഹമാസ് ഏറ്റുമുട്ടലിന്റെ സാഹചര്യത്തിൽ ഇസ്രായേലിലുള്ള ഇന്ത്യക്കാർക്ക് വിദേശകാര്യമന്ത്രാലയം മുന്നറിയിപ്പ് നൽകി. അനാവശ്യ യാത്രകൾ ഒഴിവാക്കി പൗരന്മാർ സുരക്ഷിത സ്ഥാനത്ത് കഴിയണമെന്നും ജാഗ്രത പാലിക്കണമെന്നും ഇസ്രായേലിലെ ഇന്ത്യൻ എംബസി നിര്‍ദ്ദേശിച്ചു. ഹെല്‍പ് ലൈന്‍ നമ്പര്‍ +97235226748.

പലസ്തീൻ സായുധ സംഘമായ ഹമാസ് ഇസ്രയേലിനുള്ളിൽ കടന്ന് ആക്രമണം തുടങ്ങിയതോടെയാണ് പശ്ചിമേഷ്യ വീണ്ടും യുദ്ധമുനമ്പിലായത്. ഇസ്രയേൽ നഗരങ്ങളെ ലക്ഷ്യമിട്ട് അയ്യായിരം റോക്കറ്റുകൾ തൊടുത്തതായാണ് ഹമാസ് അവകാശപ്പെടുന്നത്. ഇസ്രായേലിന് ഉളളിൽ കടന്നാണ് ഹമാസ് റോക്കറ്റ് ആക്രമണം നടത്തിയത്. 20 മിനിറ്റിൽ 5000 റോക്കറ്റുകൾ തൊടുത്തുവെന്നാണ് ഹമാസ് അവകാശവാദം. ആക്രമണത്തിൽ അഞ്ച് പേർ മരിച്ചു. നൂറിലേറെ പേര്‍ക്ക് പരിക്കേറ്റു. 35 ഇസ്രായേൽ സൈനികരെ ബന്ധികളാക്കിയെന്നും ഹമാസ് അവകാശപ്പെട്ടു.

വ്യോമാക്രമണത്തിന് പിന്നാലെ ഇസ്രായേൽ പ്രത്യാക്രമണം ആരംഭിച്ചു. ഹമാസ് കേന്ദ്രങ്ങളിലേക്ക് വ്യോമാക്രമണം ആരംഭിച്ചു. ഗാര്‍സക്ക് സമീപം ഏറ്റുമുട്ടൽ തുടരുന്നുവെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങളും റിപ്പോർട്ട് ചെയ്യുന്നത്. 60 ഹമാസ് തീവ്രവാദികൾ രാജ്യത്തേക്ക് കടന്നിട്ടുണ്ടെന്നും 14 ഇടങ്ങളിൽ പോരാട്ടം തുടരുകയാണെന്നും യുദ്ധം ആരംഭിച്ചെന്ന് ഇസ്രായേൽ സ്ഥിരീകരിച്ചു. തെക്കൻ ഇസ്രായേലിൽ ഉള്ളവ‍ര്‍ വീടിന് പുറത്തിറങ്ങരുതെന്നും നിര്‍ദ്ദേശം നൽകി.