ഇന്‍സ്റ്റന്റ് ലോണ്‍ തട്ടിപ്പുകള്‍ക്കെതിരെ മുന്നറിയിപ്പുമായി പോലീസ്

ഇന്‍സ്റ്റന്റ് ലോണ്‍ ലഭിക്കുമെന്ന് വാഗ്ദാനം ചെയ്യുന്ന തട്ടിപ്പുകള്‍ വീഴാതിരിക്കാന്‍ മുന്നറിയിപ്പുമായി കേരള പോലീസ്. ഫോണിലെ ഡാറ്റ ചോര്‍ത്തുന്ന ഇത്തരം തട്ടിപ്പ് സംഘങ്ങള്‍ കൊള്ള പലിശ ഈടാക്കുകയും സ്വകാര്യ വിവരങ്ങള്‍ കൈക്കലാക്കി ഭീഷണിപ്പെടുത്തുകയും ചെയ്യുമെന്ന് കേരള പോലീസ് മുന്നറിയിപ്പ് നല്‍കി.

ലോണായി ലഭിക്കുന്ന തുകയ്ക്ക് ഭീമമായ പലിശയാകും ഇത്തരം സംഘങ്ങള്‍ ഈടാക്കുകയെന്ന് കേരള പോലീസ് പറഞ്ഞു. ഇന്‍സ്റ്റന്റ് ലോണ്‍ ആപ്പുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യുമ്പോള്‍ തന്നെ ഫോണിലെ ഡാറ്റ ചോര്‍ത്തിത്തുടങ്ങുമെന്നും പോലീസ് മുന്നറിയിപ്പ് നല്‍കുന്നു. പലിശയുള്‍പ്പെടെ ഉള്ള തുക തിരിച്ചടയ്ക്കുന്നതില്‍ വീഴ്ച വരുത്തിയാല്‍ നിങ്ങളുടെ ഫോണില്‍ നിന്ന് തന്നെ കൈക്കലാക്കിയ നിങ്ങളുടെ ഫോട്ടോയും മറ്റും പലതരത്തില്‍ എഡിറ്റ് ചെയ്ത് നിങ്ങളുടെ തന്നെ ഫോണില്‍ ഉള്ള കോണ്ടാക്ടുകളിലേക്ക് അയച്ചുനല്‍കി അപകീര്‍ത്തിപ്പെടുത്തും. ഫോണില്‍ മറ്റു സ്വകാര്യവിവരങ്ങള്‍ സേവ് ചെയ്തിട്ടുണ്ടെങ്കില്‍ അതും തട്ടിപ്പുകാര്‍ കൈവശപ്പെടുത്താന്‍ ഇടയുണ്ട്.