ആശുപത്രികളില്‍ SISF-നെ വിന്യസിക്കാന്‍ സര്‍ക്കാര്‍; സ്വകാര്യ ആശുപത്രികള്‍ സ്വന്തം ചെലവിൽ നിയമിക്കണം

ആരോഗ്യപ്രവര്‍ത്തകര്‍ക്കെതിരായ അക്രമങ്ങള്‍ തടയുന്നതിനായി ആശുപത്രികളില്‍ സംസ്ഥാന വ്യവസായ സുരക്ഷാ സേനയെ (എസ്.ഐ.എസ്.എഫ്.) വിന്യസിക്കും. ഏതൊക്കെ ആശുപത്രികളിലാണ് സേനയെ വേണ്ടതെന്നു തീരുമാനിക്കാന്‍ ആരോഗ്യവകുപ്പിനെ ചുമതലപ്പെടുത്തിയെന്നും സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. സ്വകാര്യ ആശുപത്രികളില്‍ എസ്.ഐ.എസ്.എഫിന്റെ ചെലവ് മാനേജ്‌മെന്റ് വഹിക്കണം.

ആരോഗ്യപ്രവര്‍ത്തകര്‍ക്കെതിരായ അക്രമങ്ങള്‍ തടയുന്നതിനായി ആശുപത്രികളില്‍ സുരക്ഷാസംവിധാനങ്ങള്‍ മെച്ചപ്പെടുത്താന്‍ ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ നിലപാട് ഹൈക്കോടതിയെ അറിയിച്ചത്.

നിലവില്‍ സംസ്ഥാന ആരോഗ്യവകുപ്പിനോടുതന്നെ ഏതൊക്കെ ആശുപത്രികളിലാണ് ആദ്യഘട്ടത്തില്‍ എസ്.ഐ.എസ്.എഫിന്റെ സേവനം വേണ്ടതെന്നത് അറിയിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ആരോഗ്യവകുപ്പില്‍നിന്ന് ഇതുസംബന്ധിച്ച അറിയിപ്പ് ലഭിക്കുന്ന മുറയ്ക്കുതന്നെ എസ്.ഐ.എസ്.എഫിനെ വിന്യസിക്കുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി.