ആധാർ – പാൻ ലിങ്ക് ചെയ്യുന്നതിനുള്ള സമയപരിധി അവസാനിച്ചു. ജൂൺ 30 ന് അവസാനിക്കുമെന്ന് നേരത്തെ അറിയിച്ചിരുന്നെങ്കിലും സമയ പരിധി നീട്ടുമെന്ന പ്രതീക്ഷളും ഉണ്ടായിരുന്നു. എന്നാൽ ജൂൺ 30 അവസാനിച്ചിട്ടും സമയ പരിധി നീട്ടിയതായി ഒരു അറിയിപ്പും ഉണ്ടായിട്ടില്ല.
ജൂലൈ 1 മുതൽ ആധാറുമായി ബന്ധിപ്പിക്കാത്ത എല്ലാ പാൻ കാർഡുകളും പ്രവർത്തന രഹിതമാകുമെന്ന് സെൻട്രൽ ബോർഡ് ഓഫ് ഡയറക്‌ട് ടാക്‌സസ് അറിയിച്ചിട്ടുണ്ട്. ഇത് മാത്രമല്ല, ആദായ നികുതി വകുപ്പ് പറയുന്നതനുസരിച്ച് പൗരന്മാർ അവരുടെ പാൻ കാർഡ് ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കിൽ പിഴയും അടയ്ക്കണം.
ആധാർ പാൻകാർഡുമായി ലിങ്ക് ചെയ്‌തില്ലെങ്കിൽ, ആദായനികുതി റിട്ടേണുകൾ ഫയൽ ചെയ്യുക, ബാങ്ക് അക്കൗണ്ടുകൾ തുറക്കുക, അല്ലെങ്കിൽ സെക്യൂരിറ്റികളിൽ നിക്ഷേപിക്കുക തുടങ്ങിയ സാമ്പത്തിക ഇടപാടുകൾക്ക് നിങ്ങളുടെ പാൻ ഉപയോഗിക്കാൻ കഴിയില്ലെന്നാണ് ഇതിനർത്ഥം.