അവകാശികളില്ലാത്ത പണം വർധിക്കുന്നത് തടയാം; ഉപഭോക്താക്കൾ അനന്തരാവകാശികള നോമിനേറ്റ് ചെയ്യണമെന്ന് കേന്ദ്രധനമന്ത്രി

ബാങ്ക് അക്കൗണ്ടുകള്‍ തുടങ്ങുമ്പോൾ ഉപഭോക്താക്കൾ അനന്തരാവകാശികളെ നോമിനേറ്റ് ചെയ്യുന്നുണ്ടെന്ന് ബാങ്കുകളും ധനകാര്യസ്ഥാപനങ്ങളും ഉറപ്പുവരുത്തണമെന്ന് കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ. അവകാശികളില്ലാത്ത പണം ബാങ്ക് അക്കൗണ്ടുകളിൽ വർധിക്കുന്നതിന്റെ തോത് കുറയ്ക്കാൻ ഇത് സഹായകരമാകുമെന്നും ധനമന്ത്രി പറഞ്ഞു.

ധനകാര്യസ്ഥാപനങ്ങൾ ഉപഭോക്താവിന്റെ പണം കൈകാര്യം ചെയ്യുമ്പോൾ, ഭാവിയെക്കുറിച്ച് ചിന്തിക്കണമെന്നും, ഉപഭോക്താക്കൾ അവരുടെ അവകാശികളെ നാമനിർദ്ദേശം ചെയ്തിട്ടുണ്ടെന്നും, പേരും വിലാസവും ഉൾപ്പെടെ നൽകിയിട്ടുണ്ടെന്ന് ബാങ്കുകളും, ധനകാര്യ സ്ഥാപനങ്ങളും ഉറപ്പുവരുത്തണമെന്നും കേന്ദ്രധനമന്ത്രി വിശദീകരിച്ചു.

ബാങ്കിംഗ് സംവിധാനത്തിൽ മാത്രമായി 35,000 കോടി രൂപയിലധികം അവകാശികളില്ലാത്ത പണമുണ്ടെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ മറ്റ് ധനകാര്യസ്ഥാപനങ്ങളിലുൾപ്പെടെയുള്ള കണക്കുകൾ നോക്കുമ്പോൾ മൊത്തം ഒരു ലക്ഷം കോടിയിലധികം രൂപ ക്ലെയിം ചെയ്യപ്പെടാത്തതായുണ്ട്.

അവകാശികളില്ലാത്ത പണം

രാജ്യത്തെ പൊതുമേഖലാ ബാങ്കുകളിൽ പത്ത് വർഷമോ അതിലധികമോ ആയി പ്രവർത്തിക്കാത്ത അക്കൗണ്ടുകളിലെ നിക്ഷേപതുകയാണ് അവകാശികളില്ലാത്ത പണമായി കണക്കാക്കുന്നത്. അത്തരത്തിൽ അവകാശികളില്ലാതെ കിടന്ന 35,012 കോടി രൂപ നേരത്തെ റിസർവ്വ് ബാങ്കിലേക്ക് ട്രാൻസ്ഫർ ചെയ്തിരുന്നു. 2023 ഫെബ്രുവരി വരെയുള്ള കണക്ക് പ്രകാരമാണിത്. എന്നാൽ ബാങ്കുകളിലെ അവകാശികളില്ലാതെ കിടക്കുന്ന പണത്തിന്റെ നാഥരെ കണ്ടെത്താൻ ആർബിഐ ക്യാമ്പയിൻ ഉൾപ്പെടെയുള്ള പദ്ധതികൾക്ക് തുടക്കമിട്ടിട്ടുണ്ട്. അവകാശികളില്ലാത്ത നിക്ഷേപങ്ങളുടെ പട്ടികയിൽ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയാണ് ഒന്നാം സ്ഥാനത്ത്. 8,086 കോടി രൂപയുടെ ക്ലെയിം ചെയ്യപ്പെടാത്ത നിക്ഷേപങ്ങളാണ് എസ്ബിഐയിലുള്ളത്. തൊട്ടുപിന്നിൽ പഞ്ചാബ് നാഷണൽ ബാങ്കാണ്. 5,340 കോടി രൂപയാണ് പിഎൻബിയിൽ ക്ലെയിം ചെയ്യാതെ കിടക്കുന്നത്. കാനറ ബാങ്കിൽ 4,558 കോടി രൂപയും, ബാങ്ക് ഓഫ് ബറോഡയിൽ 3,904 കോടി രൂപയും അവകാശികളെ കാത്തുകിടപ്പുണ്ട്.