ബാങ്കുകളില്‍ അവകാശികള്‍ ആരും അന്വേഷിച്ച് എത്താതെ കിടക്കുന്ന നിക്ഷേപങ്ങളെ ക്ലെയിം ചെയ്യാത്ത നിക്ഷേപങ്ങള്‍ എന്നാണ് ബാങ്കുകള്‍ വിളിക്കുന്നത്. പത്ത് വര്‍ഷത്തില്‍ അധികം കാലം നിക്ഷേപത്തെക്കുറിച്ച് ആരും അന്വേഷിച്ച് എത്തിയില്ലെങ്കില്‍ ഈ പണം ബാങ്കുകളില്‍ സൂക്ഷിക്കുകയില്ല. അവകാശികള്‍ ഇല്ലാത്ത ഇത്തരം നിക്ഷേപങ്ങളെ റിസര്‍വ് ബാങ്കിലേക്ക് മാറ്റും.
ആര്‍ബിഐയുടെ ഡെപ്പോസിറ്റര്‍ എജ്യുക്കേഷന്‍ ആന്‍ഡ് അവയര്‍നെസ് ഫണ്ടിലേക്കാണ് ഇവ മാറ്റുന്നത്. ഇങ്ങനെ പൊതുമേഖലാ ബാങ്കുകളില്‍ അവകാശികള്‍ ഇല്ലാതെ കെട്ടിക്കിടക്കുന്നത് 35000 കോടി രൂപയില്‍ അധികമാണ്. ഇത്തരം നിക്ഷേപങ്ങള്‍ അധികമുള്ളത് എസ്ബിഐയിലാണ്, 8086 കോടി. പഞ്ചാബ് നാഷണല്‍ ബാങ്കില്‍ ഉള്ളത് 5340 കോടിയാണ്. കാനറാ ബാങ്കില്‍ 4558 കോടി എന്നിങ്ങനെ പണം അവകാശികളെ കാത്ത് കിടക്കുന്നുണ്ട്.
റിസര്‍വ് ബാങ്കിലേക്ക് മാറ്റി എന്ന് കരുതി ഇത് അവകാശികള്‍ക്ക് നഷ്ടമാകുന്നില്ല. ക്ലെയിം ചെയ്യാന്‍ അവസരമുണ്ട്. സാധാരണ ഓരോ ബാങ്കുകളും അവരുടെ വെബ്‌സൈറ്റുകളിലാണ് ക്ലെയിം ചെയ്യാത്ത അക്കൗണ്ടുകളുടെ വിവരങ്ങള്‍ പ്രസിദ്ധീകരിക്കാറുള്ളത്. അതിനായി ഓരോ ബാങ്കുകളുടെയും സൈറ്റുകള്‍ പരതി വിവരം കണ്ടെത്തണം. അത് പലപ്പോഴും സംഭവിക്കണം എന്നില്ല. ഈ സാഹചര്യത്തിലാണ് ഈ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഉദ്ഗം എന്ന പോര്‍ട്ടല്‍ ആര്‍ബിഐ അവതരിപ്പിച്ചിരിക്കുന്നത്.
ഈ പോര്‍ട്ടല്‍ വഴി ഒരാള്‍ക്ക് എല്ലാ ബാങ്കുകളിലുമുള്ള നിക്ഷേപങ്ങള്‍ അറിയാന്‍ സാധിക്കും. ഇതിനായി ചെയ്യേണ്ടത് udgam.rbi.org.in എന്ന സൈറ്റില്‍ പുതിയ അക്കൗണ്ട് രജിസ്റ്റര്‍ ചെയ്ത് ലോഗിന്‍ ചെയ്യണം. ഹോം പേജില്‍ അക്കൗണ്ട് ഉടമയുടെ പേര് നല്‍കി സെര്‍ച്ച് ചെയ്യാനാകും. പാന്‍കാര്‍ഡ്, ആധാര്‍കാര്‍ഡ്, ലൈസന്‍സ് പോലുളള രേഖകള്‍ നല്‍കാനുള്ള ഓപ്ഷനും ഉണ്ട്. തിരിച്ചറിയല്‍ രേഖകള്‍ നല്‍കി സെര്‍ച്ച് ചെയ്താല്‍ കുറച്ചുകൂടി കൃത്യമായ വിവരങ്ങള്‍ കണ്ടെത്താനാകും.
ഇങ്ങനെ നിക്ഷേപം ഉണ്ടെന്ന് തിരച്ചറിഞ്ഞാല്‍ അവകാശികള്‍ക്ക് അത് ക്ലെയിം ചെയ്യാനുള്ള നടപടികള്‍ ചെയ്യാനാകും. എസ്ബിഐ, സൗത്ത് ഇന്ത്യന്‍ ബാങ്ക്, പഞ്ചാബ് നാഷണല്‍ ബാങ്ക്, സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ, സിറ്റി ബാങ്ക് , ധനലക്ഷമി ബാങ്ക്, ഡിബിഎസ് ബാങ്ക് ഇന്ത്യ ലിമിറ്റഡ് എന്നിങ്ങനെയുള്ള ബാങ്കുകളിലെ വിവരങ്ങളാണ് ആദ്യ ഘട്ടത്തില്‍ ഈ പോര്‍ട്ടല്‍ വഴി ലഭ്യമാകുന്നത്.
മറ്റു ബാങ്കുകളിലെ അക്കൗണ്ട് വിവരങ്ങള്‍ ഒക്‌ടോബര്‍ പതിനഞ്ചോടെ പോര്‍ട്ടലില്‍ ചേര്‍ക്കുമെന്നാണ് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസ് അറിയിച്ചിരിക്കുന്നത്. റിസര്‍വ് ബാങ്ക് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ലിമിറ്റഡ്, ഇന്ത്യന്‍ ഫിനാന്‍ഷ്യല്‍ ടെക്‌നോളജി ആന്‍ഡ് ആലൈഡ് സര്‍വീസസ് എന്നിവ ചേര്‍ന്നാണ് പോര്‍ട്ടല്‍ തയ്യാറാക്കിയിരിക്കുന്നത്.