സംസ്ഥാനത്ത് അഴിമതിയും കൈക്കൂലിയും പൂർണമായും ഇല്ലാതാക്കാനുള്ള കർശന നടപടികളുമായി വിജിലൻസ് വിഭാഗം. വിവിധ വകുപ്പുകളിൽ അഴിമതി നടത്തിയവർക്കെതിരെ കഴിഞ്ഞ രണ്ടുവർഷത്തിനിടെ 114 കേസുകളാണെടുത്തത്. വിവിധ കേസുകളിലായി 118 സർക്കാർ ജീവനക്കാരെ അറസ്റ്റ് ചെയ്യുകയും ചെയ്തു.
അഴിമതി നിരോധന നിയമം കർശനമാക്കിയാണ് വിജിലൻസ് അഴിമതിക്കാരെ നേരിടുന്നത്. പൊതുജനങ്ങളിൽ നിന്ന് ലഭ്യമാകുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ പ്രാഥമികാന്വേഷണവും മിന്നൽ പരിശോധനയും ട്രാപ്പുകളും നടത്തിയാണ് കേസുകളിലേക്ക് കടക്കുന്നത്. ആവശ്യമെന്ന് കണ്ടെത്തുന്നവയിൽ കേസുകൾ രജിസ്റ്റർ ചെയ്യുകയും കുറ്റക്കാരായ ഉദ്യോഗസ്ഥർക്കെതിരെ വകുപ്പുതല നടപടികളും സ്വീകരിക്കുന്നുണ്ട്.
സർക്കാർ ഫണ്ടുകൾ തിരിമറി നടത്തുന്നതുമായി ബന്ധപ്പെട്ട ആക്ഷേപമുയർന്നാൽ ആഭ്യന്തര വിജിലൻസ് പ്രാഥമികാന്വേഷണം നടത്തും. ആരോപണം ശരിയെന്ന് തെളിഞ്ഞാൽ വിജിലൻസ് ആന്റ ആന്റി കറപ്ഷൻ ബ്യൂറോയ്ക്ക് നൽകുകയുമാണ് ചെയ്യുന്നത്.
റവന്യൂ വകുപ്പിലാണ് ഏറ്റവും കൂടുതൽ കേസുകൾ രജിസ്റ്റർ ചെയ്തത്. 33 എണ്ണം. തദ്ദേശ സ്ഥാപനങ്ങളിൽ ഇരുപത്തിയാറും ആരോഗ്യ വകുപ്പിൽ ഒമ്പതും കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. പൊലീസ്, രജിസ്ട്രേഷൻ വകുപ്പുകളിൽ ആറ് വീതം കേസുണ്ട്.
പരിശോധനകൾ വർധിപ്പിച്ചതോടെ അഴിമതിക്കാരെ വെളിച്ചത്ത് കൊണ്ടുവരാൻ കഴിയുന്നുണ്ട്. അഴിമതിയോ കൈക്കൂലിയോ ശ്രദ്ധയിൽപ്പെട്ടാൽ പൊതുജനങ്ങൾക്ക് 1064 എന്ന നമ്പറിൽ വിളിച്ചറിയിക്കാമെന്ന് വിജിലൻസ് മേധാവി ടി കെ വിനോദ്കുമാർ പറഞ്ഞു.