കാലഹരണപ്പെട്ട കൂടുതൽ നിയമങ്ങൾ റദ്ദാക്കാൻ സംസ്ഥാന സർക്കാർ. അനാവശ്യമെന്ന് കണ്ടെത്തിയ 116 നിയമങ്ങൾ റദ്ദാക്കാൻ ബന്ധപ്പെട്ട വകുപ്പുകളോട് അഭിപ്രായം തേടി നിയമവകുപ്പ്. ഇതിനുള്ള കരട് ബില്ലിൽ ബന്ധപ്പെട്ട എല്ലാ വകുപ്പുകളോടും നിയമവകുപ്പ് അഭിപ്രായം തേടി. കമ്മിഷൻ കണ്ടെത്തിയത് 218 നിയമങ്ങളായിരുന്നെങ്കിലും പല ഘട്ടങ്ങളിലെ പരിശോധനയിൽ ഇവ 116 ആയി ചുരുക്കി.
ഏതെങ്കിലും നിയമം ഒഴിവാക്കുന്നതിൽ വകുപ്പുകൾ എതിർപ്പറിയിച്ചാൽ പുനഃപരിശോധന വേണ്ടിവരും. ഇതിനുശേഷം മന്ത്രിസഭയുടെ അനുമതിയോടെ ബിൽ നിയമസഭയിൽ അവതരിപ്പിക്കും. അനാവശ്യ നിയമങ്ങൾ ഒഴിവാകുന്നതോടെ ഇവ സൃഷ്ടിക്കുന്ന സങ്കീർണതകൾ കുറയും. ഫയൽ നീക്കമടക്കം വേഗത്തിലാകും.
‘കേരള റദ്ദാക്കലും ഒഴിവാക്കലും ബിൽ’ എന്ന പേരിൽ കഴിഞ്ഞ വർഷം ഒരു ബിൽ കേരളം പാസാക്കിയിരുന്നു. അന്തരിച്ച റിട്ട.ജസ്റ്റിസ് വി.ആർ.കൃഷ്ണയ്യർ നിയമപരിഷ്കരണ കമ്മിഷൻ ചെയർമാനായിരിക്കെ 2009ൽ നിർദേശിച്ച 105 നിയമങ്ങളാണ് ഈ ബില്ലിൽ ഉൾപ്പെടുത്തിയത്.