അക്ഷരം അഭിമാനമാക്കിയ 34 വർഷം

സമ്പൂർണ സാക്ഷരത നേടിയ ഇന്ത്യയിലെ ആദ്യ നഗരമായി കോട്ടയത്തെ പ്രഖ്യാപിച്ചിട്ട് ജൂൺ 25ന് 34 വർഷം പിന്നിട്ടു. നൂറുദിവസം നീണ്ട ജനബോധന സാക്ഷരത യജ്ഞത്തിലൂടെയാണ് 1989ൽ സമ്പൂർണ സാക്ഷരതയെന്ന നേട്ടം കൈവരിച്ചത്. നെഹ്റു ജന്മശതാബ്ദിയുടെ ഭാഗമായാണ് എംജി സർവകലാശാല നാഷണൽ സർവീസ് സ്‌കീം നഗരത്തെ സമ്പൂർണ സാക്ഷരതയിലേക്ക് നയിക്കാൻ ‘ജനബോധന സാക്ഷരത യജ്ഞം’ പദ്ധതി മുന്നോട്ടുവച്ചത്. സർവകലാശാലയും നഗരസഭയും ജില്ലാ ഭരണനേതൃത്വവും ചേർന്ന്‌ യജ്ഞം നടപ്പാക്കി. നൂറുദിവസം കൊണ്ട് നൂറുശതമാനം സാക്ഷരത കൈവരിക്കുക, നഗരത്തിലെ 2208 നിരക്ഷരരെ സാക്ഷരരാക്കുക എന്നിവയായിരുന്നു ലക്ഷ്യം.

1989 മാർച്ച് നാലിന് ഗാന്ധി സ്‌ക്വയറിൽനിന്ന് മാമ്മൻ മാപ്പിളഹാളിലേക്ക് സർവകലാശാല വൈസ്ചാൻസലറായിരുന്ന പ്രൊഫ. യു ആർ അനന്തമൂർത്തിയുടെ നേതൃത്വത്തിൽ നടന്ന കൂട്ടയോട്ടത്തോടെയായിരുന്നു തുടക്കം. ‘ഇരുട്ടിൽനിന്ന് വെളിച്ചത്തിലേക്ക്’ എന്ന പേരിൽ നടത്തിയ കൂട്ടയോട്ടത്തിൽ രണ്ടായിരത്തിലധികം പേർ പങ്കാളികളായി. തിരുനക്കര മൈതാനത്ത് വൈസ് ചാൻസലർ നൽകിയ സാക്ഷരത പതാക ഭിന്നശേഷിക്കാരനായ സുകുമാരനാണ്‌ ഉയർത്തിയത്‌.

യജ്ഞം തുടങ്ങുന്നതിന്റെ ഭാഗമായി കോട്ടയത്തെ 32 വാർഡുകളിലും കൗൺസിലർമാരുടെ നേതൃത്വത്തിൽ അന്നേദിവസം സാക്ഷരത പതാക ഉയർത്തിയിരുന്നു. മാമൻ മാപ്പിള ഹാളിൽ കേന്ദ്രമന്ത്രി എം എം ജേക്കബാണ് സാക്ഷരത യജ്ഞം ഉദ്ഘാടനംചെയ്തത്‌.

നൂറുദിവസം നീണ്ട യജ്ഞത്തിലൂടെ 1989 ജൂൺ 25ന് കോട്ടയം സമ്പൂർണ സാക്ഷരതയെന്ന നേട്ടം കൈവരിച്ചു. കേന്ദ്ര മാനവവിഭവശേഷി സഹമന്ത്രിയായിരുന്ന എൻ പി സാഹിയാണ് അന്ന്‌ പ്രഖ്യാപനം നടത്തിയത്. മുഖ്യമന്ത്രിയായിരുന്ന ഇ കെ നായനാർ ഉൾപ്പെടെയുള്ളവർ പ്രഖ്യാപന ചടങ്ങിൽ പങ്കെടുത്തിരുന്നു.