സർക്കാരുമായി ബന്ധപ്പെട്ട് സേവനങ്ങൾ നൽകുന്ന അക്ഷയ കേന്ദ്രങ്ങളിൽ നിരക്ക് കൂട്ടാൻ തത്വത്തിൽ ധാരണയായി. നിരക്കു വർദ്ധന സംബന്ധിച്ച് പഠനം നടത്തി റിപ്പോർട്ട് സമര്‍പ്പിക്കാന്‍ സെന്റർ ഫോർ മാനേജ്‌മെന്റ് ഡെവലപ്മെന്റിനെ ഐടി വകുപ്പ് ചുമതലപ്പെടുത്തി. അഞ്ചുവർഷം മുമ്പ് നിശ്ചയിച്ച നിരക്കിലെ വരുമാനം കൊണ്ട് സ്ഥാപനം നടത്തിക്കൊണ്ടുപോകാൻ കഴിയാത്ത അവസ്ഥയിലായിരുന്നു ഉടമകൾ. വൈദ്യുതി, ഇന്റർനെറ്റ് ചാർജ്ജ്, കെട്ടിട വാടക, ജീവനക്കാരുടെ വേതനം എന്നിവയെല്ലാം അഞ്ചുവർഷത്തിനുള്ളിൽ കാര്യമായ വർദ്ധിച്ചിരുന്നു.
കൂടുതൽ അക്ഷയ കേന്ദ്രങ്ങൾ തുറക്കാനും തീരുമാനമായി. രണ്ട് അക്ഷയ കേന്ദ്രങ്ങൾ തമ്മിലുള്ള ദൂരപരിധി പഞ്ചായത്തുകളിൽ ഒന്നര കിലോമീറ്ററും, മുനിസിപ്പാലിറ്റിയിൽ ഒന്നും കോർപ്പറേഷനിൽ 700 മീറ്ററുമാക്കാനാണ് ആലോചിക്കുന്നത്. നിലവിൽ 2700 അക്ഷയ കേന്ദ്രങ്ങളുണ്ട്.
ചില അക്ഷയ കേന്ദ്രങ്ങൾ സ്വമേധയാ നിരക്ക് വർദ്ധിപ്പിച്ചെന്ന് വിജിലൻസ് പരിശോധനയിൽ കണ്ടെത്തിയിരുന്നു. 2018ൽ നടപ്പാക്കിയ സേവന നിരക്ക് രണ്ടു വർഷത്തിലൊരിക്കൽ പുതുക്കാൻ വ്യവസ്ഥ ചെയ്തിരുന്നു. പക്ഷേ, അഞ്ചു വർഷമായിട്ടും മാറ്റം വരുത്തിയില്ല. സ്കാനിംഗിനും പ്രിന്റിനും 3 രൂപ വീതമാണ് നിലവിലെ നിരക്ക്. ഇത് 5 രൂപയെങ്കിലുമായി വർദ്ധിപ്പിക്കണമെന്നാണ് ആവശ്യപ്പെടുന്നത്.