‘സമഗ്ര’: ഭിന്നശേഷിക്കാരില്‍ അഭ്യസ്തവിദ്യരായവര്‍ക്ക് തൊഴിൽ

ഭിന്നശേഷി വിഭാഗത്തിലെ അഭ്യസ്തവിദ്യരായ തൊഴില്‍ അന്വേഷകര്‍ക്കായി കേരള നോളജ് ഇക്കോണമി മിഷന്‍ നടപ്പാക്കുന്ന ‘സമഗ്ര’ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ഉന്നതവിദ്യാഭ്യാസ -സാമൂഹ്യനീതി മന്ത്രി ഡോ. ആര്‍ ബിന്ദു നിര്‍വഹിച്ചു. വ്യത്യസ്തങ്ങളായ സംരംഭങ്ങളുടെ ഭാഗമായി ഭിന്നശേഷി കൂട്ടായ്മകള്‍ നിര്‍മിക്കുന്ന ഉല്‍പ്പന്നങ്ങള്‍ സര്‍ക്കാര്‍ ബ്രാന്‍ഡോടു കൂടി വിപണിയിലെത്തിക്കാന്‍ സര്‍ക്കാര്‍ ഔട്ട്ലറ്റുകള്‍ പ്രയോജനപ്പെടുത്തുമെന്ന് മന്ത്രി പറഞ്ഞു.

പുതിയ വൈജ്ഞാനിക മേഖലകളില്‍ നൈപുണി വികസനം ഉള്‍പ്പെടെ ഉറപ്പാക്കി ഭിന്നശേഷിക്കാരെ വരുമാനദായകമായ തൊഴിലുകളിലെത്തിക്കുക എന്നതാണ് സര്‍ക്കാര്‍ ലക്ഷ്യം. ഇതിന്റെ ഭാഗമായി കെ ഡിസ്‌കിന്റെ നേതൃത്വത്തില്‍ ഒരു ഡിജിറ്റല്‍ വര്‍ക്ക് ഫോഴ്സ് മാനേജ്മെന്റ് സിസ്റ്റം തയ്യാറാക്കിയിട്ടുണ്ട്. ഓരോരുത്തരുടെയും നൈപുണി അനുസരിച്ച് പ്രമുഖ സംരംഭങ്ങളില്‍ അവസരം ലഭിക്കാന്‍ ഇതുവഴി സാധിക്കും.

ഭിന്നശേഷിക്കാര്‍ക്കായി നൈപുണി വികസനത്തിന് റസിഡന്‍ഷ്യല്‍ പരിശീലനം നല്‍കും. യംഗ് ഇന്നവേറ്റേഴ്സ് പ്രോഗ്രാം വഴി ഭിന്നശേഷിക്കാരുടെ ആശയങ്ങള്‍ പ്രയോഗവത്കരിക്കാന്‍ ധനസഹായം നല്‍കുമെന്നും സദസ്സിനെ അറിയിച്ചു. നോളജ് ഇക്കോണമി മിഷനും സാമൂഹ്യനീതി വകുപ്പും ചേര്‍ന്ന് ഭിന്നശേഷി സമൂഹത്തിന്റെ ഉന്നമനവും തൊഴില്‍ സാധ്യതകളുടെ പരിഗണനകളും വിശദമായി പരിശോധിക്കും.

2026 ന് മുമ്പ് വൈജ്ഞാനിക തൊഴിലില്‍ തല്‍പരരായ പ്ലസ് ടുവോ അതിനു മുകളിലോ വിദ്യാഭ്യാസ യോഗ്യതയുള്ള മുഴുവന്‍ ഉദ്യോഗാര്‍ഥികളെയും കണ്ടെത്തി നൈപുണ്യ പരിശീലനത്തിലൂടെ തൊഴില്‍ ലഭ്യമാക്കുകയാണ് ‘സമഗ്ര’യുടെ ലക്ഷ്യമന്നും മന്ത്രി അറിയിച്ചു.