സംസ്ഥാനത്ത് അടുത്ത കൊല്ലം മുതൽ നാല് വർഷ ബിരുദ കോഴ്‌സുകള്‍

സംസ്ഥാനത്ത് മൂന്ന് വർഷ ബിരുദ കോഴ്സുകൾ ഈ വര്‍ഷം കൂടി മാത്രം. അടുത്ത കൊല്ലം മുതൽ നാല് വർഷ ബിരുദ കോഴ്‌സുകളായിരിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു അറിയിച്ചു. മൂന്നാം വര്‍ഷം പൂർത്തിയാകുമ്പോൾ, ബിരുദ സർട്ടിഫിക്കറ്റ് നൽകും. താത്പര്യമുള്ള വിദ്യാർത്ഥികൾക്ക് നാലാം വർഷ ബിരുദ കോഴ്സ് തുടരാം. അവർക്ക് ഓണേഴ്‌സ് ബിരുദം നൽകും. ഈ വര്‍ഷം കോളേജുകളെ ഇതിനായി നിര്‍ബന്ധിക്കില്ല. നാലാം വർഷ പഠനം കുട്ടികൾക്ക് തെരഞ്ഞെടുക്കാം .നാലാം വര്‍ഷം ഗവേഷണത്തിന് പ്രാധാന്യം നല്‍കും. എക്സിറ്റ് സർട്ടിഫിക്കറ്റ് മൂന്നാം വർഷത്തിൽ മാത്രമേ നൽകൂ. ഇടയ്ക്ക് പഠനം നിർത്തിയ കുട്ടികൾക്ക് റീ എൻട്രിക്കുള്ള സംവിധാനം ഒരുക്കുമെന്നും മന്ത്രി അറിയിച്ചു.

നാല് വർഷ ബിരുദ കോഴ്സിന്‍റെ കരിക്കുലം തയാറാക്കി സർവകലാശാലകൾക്ക് നൽകിയിട്ടുണ്ട്. അടുത്ത വര്‍ഷം മുതൽ എല്ലാ സര്‍വകലാശാലകളിലും നാല് വർഷ ബിരുദ കോഴ്സ് ആയിരിക്കും. ഈ വര്‍ഷം പരീക്ഷണാടിസ്ഥാനത്തിൽ നാല് വർഷ ബിരുദ കോഴ്സ് നടത്താം.