സൈബര്‍ സുരക്ഷ ഉറപ്പാക്കാന്‍ മായ ഒഎസ് ഇന്‍സ്റ്റാള്‍ ചെയ്യാന്‍ നിര്‍ദേശം നല്കി കേന്ദ്ര പ്രതിരോധ മന്ത്രാലയം. പ്രതിരോധ മന്ത്രാലയത്തിന് കീഴിലുള്ള എല്ലാ കംപ്യൂട്ടറുകളിലും വിന്‍ഡോസിന് പകരം പുതിയ മായ ഒഎസ് ഇന്‍സ്റ്റാള്‍ ചെയ്യാനാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. സര്‍ക്കാര്‍ കമ്പ്യൂട്ടര്‍ ശൃംഖല ലക്ഷ്യമിട്ട് മാല്‍വെയര്‍, റാന്‍സം വെയര്‍ ആക്രമണങ്ങള്‍ വര്‍ധിച്ച സാഹചര്യത്തലാണ് നടപടി. ഉബുണ്ടു അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന മായ ഒഎസ് ഡിആര്‍ഡിഒ, സി-ഡാക്, എന്‍ഐസി തുടങ്ങിയ വിവിധ സര്‍ക്കാര്‍ ഏജന്‍സികളുടെ സഹായത്തോടെ പ്രതിരോധമന്ത്രലായമാണ് വികസിപ്പിച്ചത്. 2021ലാണ് മായ ഒഎസ് പുറത്തിറങ്ങിയത്.
വിന്‍ഡോസിന് സമാനമായ പ്രവര്‍ത്തനമാണ് മായ ഒഎസിനുള്ളത്. ചക്രവ്യൂഹ് എന്ന പേരില്‍ ഒരു ആന്റി മാല്‍വെയര്‍, ആന്റി വൈറസ് സോഫ്റ്റ് വെയര്‍ ഇതില്‍ ഉപയോഗിച്ചിട്ടുണ്ട്. ഇത് ഹാക്കിങ് തടയാന്‍ സഹായിക്കും.
പ്രതിരോധ മന്ത്രാലയത്തിന്റെ കംപ്യൂട്ടര്‍ ശൃംഖലയെ ലക്ഷ്യമിട്ട് വിദേശ ശക്തികളില്‍ നിന്നുള്ള സൈബറാക്രമണങ്ങള്‍ വര്‍ധിച്ച സാഹചര്യത്തിലാണ് മായ ഒഎസ് രൂപപ്പെടുത്താന്‍ പ്രതിരോധ മന്ത്രാലയം തീരുമാനിച്ചത്. ഒഎസ് പരീക്ഷിക്കുന്നതിനും മെച്ചപ്പെടുത്തുന്നതിനും ഇന്ത്യന്‍ സോഫ്റ്റ് വെയര്‍ കമ്പനികളുടെയും അക്കാദമിക സ്ഥാപനങ്ങളുടേയും സഹകരണമുണ്ടായിരുന്നു.
നാവിക സേന ഇതിനകം മായ ഓഎസിന് അംഗീകാരം നല്‍കിയിട്ടുണ്ട്. കരസേനയും വ്യോമസേനയും ഇത് വിലയിരുത്തി വരികയാണ്. ലിനക്സ് അടിസ്ഥാനമാക്കിയുള്ള ഉബുണ്ടു ഉയര്‍ന്ന സൈബര്‍ സുരക്ഷയാണ് നല്‍കുന്നത്.