നിർമിതബുദ്ധിയുടെ (ആർട്ടിഫിഷ്യൽ ഇന്റലിജൻസ് –എഐ) സഹായത്തോടെ കുറ്റകൃത്യങ്ങൾ പ്രവചിക്കുന്ന സംവിധാനം നമ്മുടെ നാട്ടിലും വരുന്നു. കൊലപാതകം അടക്കമുള്ള കുറ്റകൃത്യങ്ങൾ മുൻകൂട്ടി അറിയാൻ സഹായിക്കുന്ന എഐ സംവിധാനം കേരള പൊലീസിന്റെ സജീവ പരിഗണനയിലാണെന്ന് ഇന്റലിജൻസ് എഡിജിപി മനോജ് എബ്രഹാം പറഞ്ഞു.
കുറ്റവാളികളെക്കുറിച്ചുള്ള വിവരങ്ങളടങ്ങിയ ഡാറ്റാ ബേസ് വിശകലനം ചെയ്താണ് എഐ സംവിധാനം കുറ്റകൃത്യങ്ങളുടെ സാധ്യത പ്രവചിക്കുക. സ്ഥിരം കുറ്റവാളികളെയും കുറ്റവാളികളുടെ പട്ടികയിൽ ഇടം പിടിച്ചവരെയും ഇതിനായി നിരീക്ഷിക്കും. ഫോണിലും സമൂഹമാധ്യമങ്ങളിലും ഇന്റർനെറ്റിലും കുറ്റവാളികൾ അവശേഷിപ്പിക്കുന്ന വിവരങ്ങളാണ് എഐ സംവിധാനങ്ങൾ പ്രയോജനപ്പെടുത്തുന്നതെന്ന് സൈബർ വിദഗ്ധൻ ഡോ. വിനോദ് ഭട്ടതിരിപ്പാട് പറഞ്ഞു. എഐ കാമറകളും വ്യക്തികളുടെ സിസിടിവി കാമറകളും ശേഖരിക്കുന്ന ദൃശ്യങ്ങൾ നിരീക്ഷണത്തിനായി പ്രയോജനപ്പെടുത്തും. ഇവയുടെ അടിസ്ഥാനത്തിൽ കുറ്റവാളികൾ കുറ്റകൃത്യം നടത്താൻ തയ്യാറെടുക്കുന്നുണ്ടോയെന്ന് മുൻകൂട്ടി അറിയാം.
അമേരിക്ക, ക്യാനഡ ഉൾപ്പെടെയുള്ള രാജ്യങ്ങളിലെ അന്വേഷണ ഏജൻസികൾ ഈ സംവിധാനം ഉപയോഗിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സ്ഥിരം കുറ്റവാളികളാകും പ്രധാനമായി നിരീക്ഷിക്കപ്പെടുക. ശിക്ഷ കഴിഞ്ഞിറങ്ങിയവർ വീണ്ടും കുറ്റകൃത്യത്തിന് പദ്ധതിയിടുമ്പോൾ എഐ സംവിധാനം പോലീസിന് സഹായകമാകും. ഉദാഹരണത്തിന് സ്ഥിരം കുറ്റവാളികൾ മോഷണം നടത്താൻ ഗ്യാസ് കട്ടറോ കൊലപാതകത്തിനായി ആയുധങ്ങളോ വാങ്ങിയെന്നിരിക്കട്ടെ. ഇവരുടെ വിവരങ്ങൾ എഐ സംവിധാനത്തിന്റെ ഡാറ്റാ ബേസിലുണ്ടെങ്കിൽ കുറ്റകൃത്യം പ്രവചിക്കാനും തടയാനും പോലീസിന് സാധിക്കും. സ്ഥിരം കുറ്റവാളികൾ ക്രിമിനൽ പശ്ചാത്തലമുള്ളവരുമായി ബന്ധപ്പെടാൻ ശ്രമിക്കുമ്പോഴും പോലീസിന് വിവരം ലഭിക്കും.