‘ഭൂമിയിൽ സ്വപ്നം കണ്ടു, ചന്ദ്രനിൽ നടപ്പാക്കി’; ഐതിഹാസിക നിമിഷം; ആഹ്ളാദം പങ്കുവെച്ച് പ്രധാനമന്ത്രി

ഇന്ത്യയുടെ അഭിമാനമായ ചന്ദ്രയാൻ മൂന്ന് ചന്ദ്രോപരിതലത്തിൽ ഇറങ്ങിയ നിമിഷം ഐതിഹാസികമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഭൂമിയിൽ സ്വപ്നം കണ്ടത് രാജ്യം ചന്ദ്രനിൽ നടപ്പാക്കിയെന്നും ഈ നിമിഷം പുതിയ ഇന്ത്യയുടെ ജയഘോഷത്തിന്റേതാണെന്നും ദക്ഷിണാഫ്രിക്കയിലെ ജോഹന്നസ്ബർഗിൽ നിന്നും രാജ്യത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി പറ‍ഞ്ഞു.

ബ്രിക്സ് ഉച്ചകോടിയിലും എന്റെ മനസ്സ് ചന്ദ്രയാനെ ഉറ്റുനോക്കുകയായിരുന്നു. ചരിത്ര നിമിഷം ഇന്ത്യയിൽ പുതിയ ഊർജം നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേ‍ർത്തു. ഇന്ത്യയുടെ അഭിമാനമായ ചന്ദ്രയാൻ മൂന്ന് ചന്ദ്രനെ തൊട്ട ചരിത്ര നിമിഷത്തിൽ ദേശീയപതാക വീശിയാണ് പ്രധാനമന്ത്രി ആഹ്ലാദം പങ്കുവച്ചത്.

ചന്ദ്രയാൻ മിഷൻ വിജയത്തോടടുക്കുന്ന സമയം ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കുന്ന പ്രധാനമന്ത്രി, ദക്ഷിണാഫ്രിക്കയിലെ ജോഹന്നസ്ബർഗിൽ നിന്നാണ് ഐഎസ്ആർഓയ്ക്കൊപ്പം ചേർന്നത്.