ഫോണ്‍ പൊട്ടിത്തെറിച്ച് എട്ടു വയസ്സുകാരിക്ക് ദാരുണാന്ത്യം’, ദിവസങ്ങള്‍ക്ക് മുമ്പ് ഒരു പകല്‍ മലയാളികള്‍ ഞെട്ടിയുണര്‍ന്നത് ഈ വാര്‍ത്ത കേട്ടാണ്. ഫോണ്‍ അമിതമായി ചൂടായിരുന്നതാണ് പൊട്ടിത്തെറിക്കാന്‍ കാരണമെന്ന് ഫോറന്‍സികിന്റെ കണ്ടെത്തല്‍. തിരുവില്വാമലയിലെ ആ കൊച്ചു കുട്ടിക്ക് സംഭവിച്ചത് ഏതൊരു വീട്ടിലും സംഭവിക്കാം. കാരണം ഇന്നും മൊബൈല്‍ ഫോണ്‍ പലരുടേയും ജീവിതത്തിലെ ഏറ്റവും വലിയ സുഹൃത്താണെങ്കിലും പലര്‍ക്കും ഈ സുഹൃത്തിനെ എങ്ങനെ ‘സുരക്ഷിതമായി’ ഉപയോഗിക്കണമെന്ന് അറിയില്ല.
അമിതമായി ചൂടാകുന്ന ഫോണ്‍ എന്നും അപകടകാരികളാണെന്ന് പറയുന്നവര്‍ തന്നെ അതിനൊരു പോംവഴി കാണുന്നില്ല. ചാര്ജ്ജിനിട്ടു കൊണ്ട് ഫോണ്‍ ഉപയോഗിക്കരുതെന്ന് പറയുന്നവര്‍ തന്നെ ഇത് പലപ്പോഴും ആവര്‍ത്തിക്കുന്നു. ഒരു സ്മാര്‍ട്ട്ഫോണ്‍ ഏതെല്ലാം സമയങ്ങളില്‍ ശത്രുവായി മാറും എന്ന് നാം അറിയേണ്ടതുണ്ട്. കാരണം ഒരാളുടെ ജീവിതത്തിലെ എല്ലാം ഇന്ന് സ്മാര്‍ട്ട്ഫോണിന് ചുറ്റുമാണ്…
സ്മാര്‍ട്ട് ഫോണ്‍ ചാര്ജ്ജിനിടുമ്പോള്
സ്മാര്‍ട്ട് എന്നല്ല ഏതൊരു ഫോണും ചാര്ജ്ജിനിടുമ്പോള് പ്രത്യേകം ശ്രദ്ധിക്കുക. കുറെ നാളുകളായി പല കമ്പനികളുടെ സ്മാര്‍ട്ട്ഫോണ്‍ ചാര്‍ജ്ജിങ് കേബിളുകള്‍ക്ക് നീളം കൂടുതലില്ല എന്ന പരാതികള്‍ ഉയരുന്നു. എന്നാല്‍ ഇതിന് കാരണം എന്താണെന്ന് അറിയോ? ചെറിയ ചാര്‍ജ്ജര്‍ കേബിളുകള്‍ക്ക് അതിവേഗം ചാര്‍ജ്ജ് ചെയ്യാന്‍ സാധിക്കും എന്നത് ഒരു പ്രധാന കാരണമാണ്. എന്നാലും ചാര്ജ്ജിനിട്ടുകൊണ്ട് ഫോണ്‍ ഉപയോഗം കൂടുകയും അതിലൂടെ പല അപകടങ്ങളും റിപ്പോര്‍ട്ട് ചെയ്തതുമാണ് മറ്റൊരു കാരണം.
ചാര്ജ്ജിനിടുന്ന ഫോണ്‍ ചൂടാകുന്നുണ്ടോ എന്ന് ശ്രദ്ധിക്കുക. ചൂടാകുന്നുണ്ടെങ്കില്‍ അത് ഒരു കടയിലോ മറ്റോ കൊടുത്ത് പരിശോധനയ്ക്ക് വിധേയമാക്കേണ്ടതുണ്ട്. ചൂടാകുന്ന ഫോണുകള്‍ ഒരു കാരണവശ്ശാലും അധിക നേരം ഉപയോഗിക്കരുത്.
ഫോണ്‍ ചാര്ജ്ജിനിട്ടുകൊണ്ട് അതിന്റെ അടുത്ത് കിടന്ന് ഉറങ്ങുന്നത് അത്ര സുരക്ഷിതമായ കാര്യമല്ല. ചിലര്‍ക്ക് ഫോണ്‍ ചാര്ജ്ജിനിടാനുള്ള സമയം രാത്രിയാണ്. ഇത്തരത്തില്‍ ചാര്ജ്ജിനിടുമ്പോള് ഒരു അലാറം വെച്ചോ മറ്റോ ഇടയ്ക്ക് എഴുന്നേറ്റ് ചാര്‍ജ്ജ് ആയോ എന്ന് പരിശോധിക്കണം. രാത്രി ചാര്ജ്ജിനിടുന്ന ഫോണ്‍ രാവിലെ ഓഫാക്കുന്ന രീതി വളരെ അപകടകരമാണ്. ഇങ്ങനെ ചെയ്യുമ്പോള്‍ ബാറ്ററി തകരാറിലാകാനും സാധ്യത ഏറെയാണ്. ഫോണ്‍ ചാര്ജ്ജിനിടുമ്പോള് തലയിണയ്ക്കടയില് ഫോണ്‍ വയ്ക്കരുത്. ചാര്‍ജ്ജിങ് മൂലമുള്ള ചൂടും തലയിണയുടെ കീഴിലുള്ള സമ്മര്‍ദ്ദവും ചൂടും എല്ലാം അപകടത്തിന് കാരണമാകും.
ഫോണ്‍ അധികനേരം കാണുമ്പോള്‍
ഫോണ്‍ അധിക നേരം കാണുന്നത് കുട്ടികള്‍ക്ക് നല്ലതല്ലെന്ന് പറയുന്നത് ശരിയല്ല. മുതിര്‍ന്നവര്‍ക്കും ഇത് അപകടം തന്നെയാണ്. കണ്ണിന് ആണ് പ്രധാനമായും ആരോഗ്യ പ്രശ്നങ്ങളുണ്ടാകുന്നത്. ഒരുപാട് നേരം ഫോണില്‍ ഗെയിം കളിക്കുന്നവരുടെ കണ്ണുകള്‍ക്ക് പ്രശ്നങ്ങളുണ്ടാകുമെന്ന് ആരോഗ്യ വിദഗ്ദര്‍ പറയുന്നു. എന്നാല്‍ കണ്ണുകള്‍ക്ക് മാത്രമല്ല. ഗെയിം സ്ഥിരമായി കളിക്കുകയും മൊബൈല്‍ ഫോണ്‍ ഓരേ രീതില്‍ സ്ഥിരമായി പിടിച്ച് ഉപയോഗിക്കുന്നവര്‍ക്കും അവരുടെ കൈകളുടെ പേശികള്‍ക്ക് കുഴപ്പം പറ്റും എന്ന് പഠനങ്ങളില്‍ പറയുന്നുണ്ട്. 20 മിനിറ്റില്‍ കൂടുതല്‍ ഒരേ രീതിയില്‍ ഫോണ്‍ പിടിച്ച് ഗെയിം കളിക്കാന്‍ പാടില്ലെന്നാണ് പഠനങ്ങളിലൂടെ പറയുന്നത്.
ഫോണ്‍ വില്ലനാകുന്നത്
ഫോണ്‍ അപകടനിലയിലേക്ക് എത്തിയെന്ന് നമ്മള് മനസ്സിലാക്കേണ്ടത് അത് അമിതമായി ചൂടാകുമ്പോള്‍ തന്നെയാണ്. ആധുനിക ഫോണുകള്‍ പ്രവര്‍ത്തിക്കുന്നത് ലിഥിയം-അയേണ്‍ ബാറ്ററികള്‍ ഉപയോഗിച്ചാണ്. അധിക നേരം ചാര്‍ജ്ജ് ചെയ്യുക പോലുള്ള കാര്യങ്ങളിലൂടെ ബാറ്ററിക്കുള്ളിലെ ഘടകങ്ങളെ പ്രതികൂലമായി ബാധിക്കുന്നതിലൂടെ ഇത് പൊട്ടിത്തെറിക്കാനുള്ള സാധ്യതകളിലേക്ക് വഴിയൊരുക്കുന്നു.
ഒരു അപായ സന്ദേശങ്ങളിലൂടെ ആയിരിക്കില്ല ഫോണ്‍ പൊട്ടിത്തെറിക്കും എന്ന സൂചന നല്‍കുന്നത്. കൃത്യമായി ശ്രദ്ധിച്ചാല്‍ ചില കാര്യങ്ങളിലൂടെ നമുക്കത് മനസ്സിലാക്കാന്‍ സാധിക്കും. തീ പോലെ പൊള്ളുന്ന ചൂട്, അവ്യക്തമായ തരത്തിലുള്ള ശബ്ദങ്ങള്‍, പ്ലാസ്റ്റിക്ക് പോലുള്ള രാസവസ്തുക്കള്‍ കത്തുന്ന മണം, ഫോണിന്റെ ആകൃതിയില്‍ തന്നെ മാറ്റം ഇതെല്ലാം സൂക്ഷിച്ച് നോക്കിയാല്‍ നമുക്ക് മനസ്സിലാകാവുന്നതാണ്. എന്നാല്‍ ഇങ്ങനെ സംശയം തോന്നിയാല്‍ ഫോണ്‍ വേഗം തന്നെ ചാര്‍ജ്ജില്‍ നിന്നും ഊരി മാറ്റുകയും നിങ്ങളുടെ അടുത്ത് നിന്ന് ദൂരേക്ക് മാറ്റി വയ്ക്കുകയും ചെയ്യുക. ഇങ്ങനെ ചെയ്താല്‍ വലിയൊരു അപകടത്തില്‍ നിന്നും രക്ഷപ്പെടാനാകും.
സൂക്ഷിച്ചില്ലെങ്കില്‍ ഏറ്റവും അപകടകാരിയാകുന്ന വില്ലനെയാണ് എന്നും പോക്കറ്റിലും കൈയ്യിലുമായി ഓമനിച്ചുകൊണ്ട് നടക്കുന്നതെന്ന് ഓര്‍ക്കുക. നിങ്ങളുടെയും വേണ്ടപ്പെട്ടവരുടെയും മരണത്തിന് നിങ്ങള്‍ തന്നെ കാരണമാകരുത്…