ഡീസല്‍വില വര്‍ധനമൂലമുള്ള നഷ്ടം കുറയ്ക്കാന്‍, ലാഭകരമല്ലാത്ത സര്‍വീസുകളുടെ കണക്കെടുപ്പ് KSRTC തുടങ്ങി. യാത്രക്കാരും വരുമാനവും കുറവുള്ള സര്‍വീസുകള്‍ കണ്ടെത്തി അവ നിര്‍ത്തലാക്കാനാണ് ആലോചന. നഷ്ടത്തിലോടുന്ന ബസുകളുടെ കണക്ക്, യൂണിറ്റ് അടിസ്ഥാനത്തിലാണ് തയ്യാറാക്കുന്നത്. സര്‍വീസുകള്‍ വരുമാനാടിസ്ഥാനത്തില്‍മാത്രം ഓടിച്ച് നഷ്ടം പരമാവധി കുറയ്ക്കാനാണ് ആലോചന.
4700 ബസുകളാണ് ഇപ്പോള്‍ ഓടിക്കുന്നത്. ഏഴുകോടി രൂപവരെ വരുമാനമുണ്ട്. നേരത്തേ 18 ലക്ഷം കിലോമീറ്റര്‍ സര്‍വീസ് നടത്തിയപ്പോള്‍ ലഭിച്ചിരുന്ന വരുമാനം ഇപ്പോള്‍ 14 ലക്ഷം കിലോമീറ്റര്‍ ഓടിക്കുമ്പോള്‍ കിട്ടുന്നുണ്ട്. 22 ലക്ഷം യാത്രക്കാര്‍ കെ.എസ്.ആര്‍.ടി.സി. ബസുകളില്‍ യാത്രചെയ്യുന്നു. 42,000 ജീവനക്കാരുണ്ടായിരുന്നത് ഇപ്പോള്‍ 25,000 ആയി കുറഞ്ഞു. ശമ്പളയിനത്തില്‍ മാറ്റിവയ്‌ക്കേണ്ട തുകയിലും കുറവുവന്നു.
സമാന്തര സര്‍വീസുകളും സ്വകാര്യ ബസുകള്‍ നടത്തിയിരുന്ന അനധികൃത ദീര്‍ഘദൂര സര്‍വീസുകളും ഒഴിവാക്കാനായതും കോര്‍പ്പറേഷന് നേട്ടമായി. യാത്രക്കാര്‍ ധാരാളമുള്ള, സമാന്തര സര്‍വീസുകള്‍ ഉണ്ടായിരുന്നയിടങ്ങളില്‍ കൂടുതല്‍ ബസുകള്‍ ഓടിക്കും. ദേശീയപാത നിര്‍മാണജോലി, ഗതാഗതക്കുരുക്ക് എന്നിവമൂലം പ്രധാനപാതകളില്‍ ബസുകള്‍ കൂട്ടമായി യാത്രക്കാരില്ലാതെ ഓടുകയാണ്. ഇത് ഒഴിവാക്കാന്‍ പ്രധാന ഡിപ്പോകളില്‍നിന്ന് പുറപ്പെടുന്ന ഫാസ്റ്റ് പാസഞ്ചറുകളടക്കമുള്ളവയുടെ സമയത്തില്‍ ക്രമീകരണം വരുത്തുന്നുണ്ട്.
ദേശീയപാതകളിലൂടെയും എം.സി.റോഡിലൂടെയും ഓടുന്ന ബസുകളുടെ കണക്കെടുത്ത് സമയവും റൂട്ടും പുനഃക്രമീകരിക്കും. ശനിയാഴ്ച വൈകുന്നേരവും തിങ്കളാഴ്ച രാവിലെയുമുള്ള തിരക്ക് പരിഗണിച്ച് കൂടുതല്‍ സര്‍വീസുകള്‍ നടത്താന്‍ വിവിധ ഡിപ്പോകള്‍ക്ക് അധിക ബസുകള്‍ നല്‍കിയിരുന്നു.
തിരക്കുള്ള സമയത്തുമാത്രം ഓടിക്കേണ്ട ഈ ബസുകള്‍ ചില ഡിപ്പോകളില്‍ സ്ഥിരം സര്‍വീസിനായി ഉപയോഗപ്പെടുത്തി. ഇവ ചെയിന്‍ സര്‍വീസുകള്‍ക്കും ഓര്‍ഡിനറി ബസുകള്‍ക്കും പിന്നാലെ നിരനിരയായി പോകുകയാണിപ്പോള്‍. അത്തരം ബസുകള്‍ കണ്ടെത്തി പിന്‍വലിക്കും. നഷ്ടത്തിലുള്ള ബസുകള്‍ ഓടിച്ചാല്‍ അതിനുള്ള ചെലവ് ക്ലസ്റ്റര്‍ ഓഫീസര്‍മാരില്‍നിന്ന് ഈടാക്കാനും നടപടി തുടങ്ങി.