കർഷകർക്ക് അയ്യായിരം രൂപവരെ പെൻഷൻ ഉറപ്പാക്കാനുള്ള പ്രവർത്തനവുമായി കർഷക ക്ഷേമനിധി ബോർഡ് മുന്നോട്ട്. ഒരുവർഷത്തിനകം അഞ്ചുലക്ഷം പേരെ അംഗങ്ങളാക്കാൻ കൃഷിവകുപ്പും ആലോചന തുടങ്ങി. ഇതിനായി അക്ഷയ സെന്റർ വഴി പ്രത്യേക ക്യാമ്പ് സംഘടിപ്പിച്ച് രജിസ്ട്രേഷൻ ഊർജിതമാക്കും. യുവതലമുറയെ കാർഷികവൃത്തിയിലേക്ക് ആകർഷിക്കാനും കർഷകരുടെ ക്ഷേമത്തിനുമായി 2019ൽ ആരംഭിച്ച ക്ഷേമനിധി ബോർഡിൽ നിലവിൽ 17,964 അംഗങ്ങളുണ്ട്.
2020 ഒക്ടോബറിലാണ് ബോർഡ് ചെയർമാനും അംഗങ്ങളും ചുമതലയേറ്റത്. ബോർഡ് രൂപംനൽകിയ 12 ഇന പ്രവർത്തനപദ്ധതികൾ ധനവകുപ്പിന്റെ പരിഗണനയിലാണ്. ഇതിന് ഉടൻ അംഗീകാരം ലഭിക്കുമെന്നാണ് പ്രതീക്ഷയെന്ന് ബോർഡ് ചെയർമാൻ പ്രൊഫ. പി രാജേന്ദ്രൻ പറഞ്ഞു.
ആർക്ക് ചേരാം
അഞ്ചു സെന്റ് മുതൽ 15 ഏക്കർവരെ കൃഷി ഭൂമിയുള്ളവർ. കുറഞ്ഞത് മൂന്നുവർഷമെങ്കിലും കൃഷി–അനുബന്ധ പ്രവർത്തനങ്ങൾ ഉപജീവനമാക്കിയവർ. വാർഷിക വരുമാനം അഞ്ചുലക്ഷം രൂപയിൽ കൂടാൻ പാടില്ല. ഏഴര ഏക്കറിൽ കൂടുതൽ തോട്ടവിള ഭൂമി കൈവശമുള്ളവർ അർഹരല്ല. 18 വയസ്സ് പൂർത്തിയായ കർഷകർക്ക് അംഗത്വമെടുക്കാം. 56 മുതൽ 65 വയസ്സുവരെയുള്ളവർക്കും ഒരുവർഷത്തിനകം അംഗത്വമെടുക്കാം.
കർഷകർക്ക് 100 രൂപമുതൽ നിധിയിലേക്ക് അംശാദായം അടയ്ക്കാം. ഉയർന്ന നിരക്കിന് പരിധി നിശ്ചയിച്ചിട്ടില്ല. സർക്കാർ വിഹിതം പരമാവധി 250 രൂപവരെയായിരിക്കും. അഞ്ചുവർഷത്തിൽ കുറയാതെ അംശാദായം അടയ്ക്കുകയും ക്ഷേമനിധിയിൽ കുടിശ്ശികയില്ലാതെ 60 വയസ്സ് പൂർത്തീകരിക്കുകയും ചെയ്ത കർഷകന് കാലാകാലങ്ങളിൽ നിശ്ചയിക്കുന്ന തുക പ്രതിമാസ പെൻഷൻ ലഭിക്കും. പെൻഷൻ തുക കാലാകാലങ്ങളിൽ ഗസറ്റ് വിജ്ഞാപനം വഴി പുതുക്കി നിശ്ചയിക്കും.