കിറ്റ്കാറ്റ് ഓഎസിന്‍റെ സപ്പോർട്ട് അവസാനിപ്പിക്കാനൊരുങ്ങി ഗൂഗിൾ

ആൻഡ്രോയിഡ് കിറ്റ്കാറ്റ് ഓപ്പറേറ്റിംഗ് സിസ്റ്റത്തിനുള്ള പിന്തുണ അവസാനിപ്പിക്കുകയാണെന്ന് ഗൂഗിൾ. മികച്ച ഉപയോക്തൃ അനുഭവത്തിനും മെച്ചപ്പെട്ട സുരക്ഷയ്ക്കുമായി ആൻഡ്രോയിഡ് ഓഎസിന്റെ പുതിയതും കൂടുതൽ സുരക്ഷിതവുമായ പതിപ്പുകളിൽ കമ്പനി ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനാലാണ് ഈ നീക്കം. 2023 ഓഗസ്റ്റ് മുതലാണ് കിറ്റ്കാറ്റിനായുള്ള ഗൂഗിൾ പ്ലേ സേവനങ്ങൾ അപ്‌ഡേറ്റുകൾ നിർത്തലാക്കുമെന്ന് പറയുന്നത്.

2013ലാണ് ആൻഡ്രോയിഡ് കിറ്റ്കാറ്റ് പുറത്തിറങ്ങിയത്. അക്കാലത്ത് വളരെയേറെ ജനപ്രീതി നേടിയ ഒന്നായിരുന്നു ഇത്. കാലക്രമേണ സാങ്കേതികവിദ്യയിലെ പുരോഗതിക്കൊപ്പം, കിറ്റ്കാറ്റ് ഓഎസ് കാലഹരണപ്പെട്ടതാണെന്നും പുതിയ സാങ്കേതികവിദ്യയുമായി ബന്ധപ്പെട്ട സുരക്ഷയും മെച്ചപ്പെടുത്തലുകളും ഇനി സപ്പോർട്ട് ചെയ്യാനാകില്ലെന്നും ഗൂഗിൾ പറയുന്നു.

ഉപയോക്താക്കൾക്ക് ഇനി മുതൽ അവരുടെ ആൻഡ്രോയിഡ് ഉപകരണങ്ങൾ പുതിയ പതിപ്പിലേക്ക് അപ്‌ഗ്രേഡ് ചെയ്യണമെന്നാണ് ഗൂഗിളിന്റെ നിർദേശം. ‌അപ്‌ഗ്രേഡ് ചെയ്യുന്നതിലൂടെ, ഉപയോക്താക്കൾക്ക് ഏറ്റവും പുതിയ ഫീച്ചറുകളും ബഗ് പരിഹാരങ്ങളും ലഭിക്കുക മാത്രമല്ല ആൻഡ്രോയിഡ് സേവനങ്ങൾ തുടർന്നും ഉപയോഗിക്കാനാകും.

കൂടാതെ, ഇപ്പോഴും ആൻഡ്രോയിഡ് കിറ്റ്കാറ്റ് ഉപയോഗിക്കുന്ന ഉപയോക്താക്കൾക്ക് അവരുടെ ഫോൺ അപ്‌ഗ്രേഡ് ചെയ്യുകയോ ഏറ്റവും പുതിയ ആൻഡ്രോയിഡ് പതിപ്പുകൾ പിന്തുണയ്ക്കുന്ന പുതിയ സ്‌മാർട്ട്‌ഫോൺ വാങ്ങുന്നതോ നന്നായിരിക്കുമെന്ന് ഗൂഗിൾ പറയുന്നു.