ഐപിഎല്ലിൽ കിരീടപ്പോര്; ചെന്നൈ സൂപ്പർ കിങ്സ് ഗുജറാത്ത് ടൈറ്റൻസ് മത്സരം ഇന്ന്

കനത്ത മഴയെ തുടര്‍ന്ന് ചെന്നൈ സൂപ്പര്‍ കിങ്‌സും ഗുജറാത്ത് ടൈറ്റന്‍സും തമ്മിലുള്ള ഐപിഎല്‍ ഫൈനല്‍ പോരാട്ടം ഇന്നത്തേക്ക് മാറ്റിവെക്കുകയായിരുന്നു. നരേന്ദ്രമോദി സ്റ്റേഡിയത്തിൽ ഇന്ന് വൈകിട്ട് 7.30-ന് ഫൈനല്‍ നടക്കും.

കനത്ത മഴയെ തുടര്‍ന്ന് ചെന്നൈ സൂപ്പര്‍ കിങ്‌സ് – ഗുജറാത്ത് ടൈറ്റന്‍സ് ഫൈനല്‍ പോരാട്ടത്തിന്റെ ടോസ് വൈകിയിരുന്നു. ഒടുവില്‍ ഇന്ത്യന്‍ സമയം രാത്രി 10.54-ന് മൈതാനത്ത് അവസാനഘട്ട പരിശോധന നടത്തിയ അമ്പയര്‍മാരും മാച്ച് റഫറിയും ഞായറാഴ്ച ഇനി മത്സരം നടക്കില്ലെന്ന് അറിയിക്കുകയായിരുന്നു.

ഇന്നലെ അഹമ്മദാബാദില്‍ ഉച്ചകഴിഞ്ഞ് വരെ തെളിഞ്ഞ ആകാശമായിരുന്നു എങ്കില്‍ ടോസ് ഇടേണ്ടതിന് അരമണിക്കൂറിലധികം മുമ്പ് മാത്രം മഴയെത്തുകയായിരുന്നു. ഇടയ്‌ക്ക് മഴ മാറി പിച്ചിലെ കവര്‍ പൂര്‍ണമായും നീക്കുകയും താരങ്ങള്‍ അവസാനവട്ട വാംഅപ് പ്രാക്‌ടീസിനായി തയ്യാറെടുക്കുകയും ചെയ്‌തെങ്കിലും മഴ വീണ്ടുമെത്തുകയായിരുന്നു. ഓവറുകള്‍ വെട്ടിച്ചുരുക്കാതെ മത്സരം നടത്താനായി നിശ്ചയിച്ചിരുന്ന സമയം 9.35 ആയിരുന്നു. എന്നാൽ മഴ മാറാതെ നിന്നതോടെ മത്സരം നടക്കില്ലെന്ന് ഉറപ്പായ ആരാധകർ സ്റ്റേഡിയം വി‍ടാൻ തുടങ്ങി.

കിരീടപ്പോരിൽ നാല് തവണ ജേതാക്കളായ ചെന്നൈ സൂപ്പർ കിംഗ്സ് നിലവിലെ ചാമ്പ്യന്മാരായ ഗുജറാത്ത് ടൈറ്റൻസുമായാണ് ഫൈനലിൽ കൊമ്പുകോർക്കുന്നത്. റെക്കോർഡ് കിരീട നേട്ടമാണ് ധോണി നയിക്കുന്ന ചെന്നൈ സൂപ്പർ കിങ്സ് ലക്ഷ്യമിടുന്നത്. നാല് തവണ ചാമ്പ്യൻമാരായ അവർ ഇന്നും കിരീടം സ്വന്തമാക്കിയാൽ ഏറ്റവും കൂടുതൽ കിരീടങ്ങളെന്ന മുംബൈ ഇന്ത്യൻസിന്റെ റെക്കോർഡിനൊപ്പം എത്തും‌.