അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതി: ദിവസവേതനം 333 രൂപയാക്കി, ഏപ്രിൽ മുതൽ മുൻകാല പ്രാബല്യം

സംസ്ഥാന സർക്കാർ നടപ്പാക്കുന്ന അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതിയിൽ തൊഴിലാളികളുടെ പ്രതിദിന വേതനം 311ൽ നിന്ന് 333 രൂപയാക്കി വർദ്ധിപ്പിച്ചു. കേന്ദ്ര സർക്കാരിന്റെ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ പ്രതിദിന വേതനം 333 രൂപയാക്കിയതിന് പിന്നാലെയാണ് കഴിഞ്ഞ ഏപ്രിൽ മുതൽ മുൻകാല പ്രാബല്യത്തോടെയുള്ള വർദ്ധന.

കഴിഞ്ഞ മാർച്ച് 23നാണ് കേന്ദ്ര ഗ്രാമവികസന മന്ത്രാലയം ദേശീയ തൊഴിലുറപ്പ് പദ്ധതിയിലെ തൊഴിലാളികളുടെ വേതനം 333 രൂപയാക്കിയത്. സമാന ജോലി ചെയ്യുന്ന അയ്യങ്കാളി തൊഴിലുറപ്പ് തൊഴിലാളികൾക്കും ഇതേ വേതനം നൽകണമെന്ന ആവശ്യമുയർന്നതോടെ തദ്ദേശവകുപ്പ് പ്രിൻസിപ്പൽ ഡയറക്ടർ എം. ജി. രാജമാണിക്യം സർക്കാരിന് കത്തെഴുതി. തുടർന്നാണ് വർദ്ധന വരുത്തി ഉത്തരവിറക്കിയത്.