മനസ്സും ശരീരവും തകര്‍ക്കുന്ന സൈബറിടം
നേരിട്ടുള്ള കൈയേറ്റമില്ല, ചോര പൊടിയില്ല. പക്ഷേ, നിങ്ങളുടെ മനസ്സും ശരീരവും തകർക്കാൻ സൈബറിടം മതിയാകും. അത് മറ്റേതൊരു ആക്രമണത്തേക്കാളും മാരകമാണ്. ഇത്തരം സാഹചര്യങ്ങൾ ഉണ്ടാകുമ്പോൾ ഒരിക്കലും പേടിക്കരുതെന്നും പരാതി നൽകണമെന്നും വിദഗ്ധർ പറയുന്നു.
സൈബർകുറ്റകൃത്യങ്ങൾ വർധിച്ചുകൊണ്ടിരിക്കുന്ന കാലഘട്ടമാണിത്. വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും സൈബർ കുറ്റകൃത്യങ്ങളെക്കുറിച്ചും നിയമങ്ങളെക്കുറിച്ചും അവബോധം ഉണ്ടാക്കണം. വിദ്യാർഥികൾക്ക് സ്കൂൾ വഴി സൈബർ വിദ്യാഭ്യാസം നൽകണം എന്ന ആവശ്യം ഇതിനോടകംതന്നെ പൊതുസമൂഹത്തില്‍ ഉയര്‍ന്നു വന്നിരിക്കുകയാണ്.
എന്താണ് സൈബർ ബുള്ളിയിങ്?
സാമൂഹിക മാധ്യമങ്ങൾ വഴി നടക്കുന്ന ഭീഷണിപ്പെടുത്തൽ, അശ്ലീലം നിറഞ്ഞ പരാമർശങ്ങൾ, സ്വകാര്യത വെളിപ്പെടുത്തൽ തുടങ്ങിയവ.
ഏത് ഇലക്ട്രോണിക് മാധ്യമം ഉപയോഗിച്ചുള്ള ഭീഷണിപ്പെടുത്തലുകളും ആക്രമണങ്ങളും തേജോവധങ്ങളും ഇതിന്റെ പരിധിയിൽ വരാം.
ഇത് അപരിചിതരിൽ നിന്നോ അറിയാവുന്ന ആൾക്കാരിൽ നിന്നോ ആവാം.
ശിക്ഷ ഇങ്ങനെ
ഐ.ടി. ആക്ട് പ്രകാരമാണ് കോടതി ശിക്ഷവിധിക്കുന്നത്. ഒരുവ്യക്തിയെ സാമൂഹിക മാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തുക, സ്വകാര്യ ചിത്രങ്ങൾ പ്രചരിപ്പിക്കുക തുടങ്ങിയവ ചെയ്താൽ മൂന്നുവർഷം വരെ തടവും അഞ്ചുലക്ഷം രൂപ പിഴയും ലഭിക്കാവുന്ന കുറ്റമാണ്.
ഇത്തരം ഒരു കേസ് ഉണ്ടായിട്ടും വീണ്ടും അത് ആവർത്തിച്ചാൽ അഞ്ച് വർഷം തടവും 10 ലക്ഷം രൂപ പിഴയും ലഭിക്കും. കേസിന്റെ പ്രാധാന്യം അനുസരിച്ച് ഐ.ടി. ആക്ടിലെ മറ്റു വകുപ്പുകളും കൂടി ചേർക്കപ്പെടും.
